അത്‌ലറ്റിക്‌സിന് നന്ദി; വിരമിക്കൽ പ്രഖ്യാപിച്ച് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ

Wednesday 07 January 2026 10:42 AM IST

കോഴിക്കോട്: അത്‌ലറ്റിക്‌‌സിൽ നിന്ന് വിരമിച്ച് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ. മുപ്പത്തിനാലുകാരനായ ജിൻസൺ ഫേസ്ബുക്കിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 800 മീറ്റർ, 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കാർഡുകളുടെ ഉടമയാണ്.

'കൊൽക്കത്തയിൽ നിന്ന് ആരംഭിച്ച യാത്ര 2023 ലെ ഹാങ്ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസ് വരെ എത്തി. അത്‌ലറ്റിക്‌‌സിന് നന്ദി. 2007ൽ കൊൽക്കത്ത സ്‌കൂൾ ഗെയിംസിലാണ് ആദ്യമായി ദേശീയ മെഡൽ നേടിയത്. ഈ യാത്ര എവിടംവരെ എത്തുമെന്ന് എനിക്കറിയില്ലായിരുന്നു. ഇന്ത്യയ്ക്കായി ഓടാൻ ഞാൻ ആഗ്രഹിച്ചുവെന്ന കാര്യം മാത്രമേ അപ്പോൾ എനിക്കറിയാമായിരുന്നുള്ളൂ.

2018ൽ ഗുവാഹത്തിയിൽ നടന്ന 800 മീറ്റർ നാഷണൽ ഇന്റർ സ്‌റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ, 42 വർഷം പഴക്കമുള്ള റെക്കാർഡ് തിരുത്തി. അതേവർഷം, ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 1500 മീറ്ററിലും 23 വർഷം പഴക്കമുള്ള റെക്കോർഡ് ഞാൻ തകർത്തു. രണ്ട് ദേശീയ റെക്കോർഡുകൾ തകർക്കുകയും ഇന്ത്യൻ അത്‌ലറ്റിക്സിന് സംഭാവന നൽകുകയും ചെയ്തത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നാണ്. ഒളിമ്പിക് ഗെയിംസിലും, ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും, ഏഷ്യൻ ഗെയിംസിലും, കോമൺവെൽത്ത് ഗെയിംസിലും എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ത്രിവർണ്ണ പതാക ധരിച്ചപ്പോഴെല്ലാം ഞാൻ ഓടിയത് എന്റെ കാലുകൾ കൊണ്ടല്ല, ഹൃദയം കൊണ്ടായിരുന്നു. 2018ൽ, ഏഷ്യയിലെ ഏറ്റവും മികച്ച അത്‌ലറ്റായി ഞാൻ റാങ്ക് ചെയ്യപ്പെട്ടു. ആ വർഷം ശരിക്കും ഒരു മഹത്തായ വർഷമായിരുന്നു . ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ്ണവും 800 മീറ്ററിൽ വെള്ളിയും നേടാനായി.

2019 വരെ എല്ലാം നന്നായി പോയിക്കൊണ്ടിരുന്നു. കൊവിഡ്, പരിക്ക് എന്നിവ എന്റെ കരിയറിനെ സാരമായി ബാധിച്ചു. നീണ്ട മൂന്ന് വർഷത്തെ തിരിച്ചടികൾക്കും വീണ്ടെടുക്കലിനും ശേഷം, ദേശീയ, അന്തർദേശീയ തലത്തിലെ എന്റെ അവസാന മത്സരമായ 2023 ലെ ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടാൻ സാധിച്ചു.

ഈ യാത്ര ഒരിക്കലും എന്റേത് മാത്രമായിരുന്നില്ല. എന്റെ കരിയറിലെ ഓരോ ഘട്ടത്തിലും എന്നെ നയിച്ച എല്ലാ പരിശീലകർക്കും ഞാൻ നന്ദി പറയുന്നു. എന്റെ ശരീരം ക്ഷീണിക്കുകയും മനസ് ഭാരപ്പെടുകയും ചെയ്ത ദിവസങ്ങളിൽ നിങ്ങളുടെ വിശ്വാസം എന്നെ താങ്ങി നിർത്തി. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, റിലയൻസ് ഫൗണ്ടേഷൻ, സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, ആർമി സ്‌പോർട്സ് ഇൻസ്റ്റിറ്റിയൂട്ട്, 851 ലെഫ്റ്റനന്റ് റെജിമെന്റ് ആർട്ടിലറി സെന്റർ, മാദ്ധ്യമപ്രവർത്തകർ എന്നിവരോടും ഞാൻ നന്ദിയറിയിക്കുന്നു. ഞാൻ വിരമിച്ചാലും, അത്ലറ്റിക്സ് എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും.'- അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.