കൊല്ലത്ത് ഇക്കുറി മുകേഷിനെ ഇറക്കില്ല? ചിന്താ ജെറോമും എസ് ജയമോഹനും പരിഗണനയിൽ, സിപിഎമ്മിൽ ചർച്ച

Wednesday 07 January 2026 10:48 AM IST

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ അവശേഷിക്കവേ മുന്നണികളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. സിനിമാതാരങ്ങളെ കളത്തിലിറക്കുമെന്ന് യുഡിഎഫ് സൂചനകൾ നൽകുമ്പോൾ സിപിഎം താരപരിവേഷമുള്ള എം മുകേഷ് എംഎൽഎയെ മത്സരിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിയിൽ സജീവമായി തുടരുകയാണെന്നാണ് സൂചന. തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി മറികടക്കാൻ പൊതു സ്വീകാര്യതയുള്ള മുഖങ്ങളെ അവതരിപ്പിക്കാനാണ് സിപിഎം പൊതുവേ തീരുമാനിച്ചിരിക്കുന്നത്.

2016ൽ 17611വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്. പിന്നാലെ 2021ൽ സിപിഎം വൻവിജയം പ്രതീക്ഷിച്ച് മുകേഷിനെ വീണ്ടും കളത്തിലിറക്കുകയായിരുന്നു. പക്ഷെ അന്ന് ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം പിടിക്കാന്‍ മുകേഷിനെ വീണ്ടും മത്സരിപ്പിച്ചെങ്കിലും സിപിഎമ്മിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ല. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എൻ കെ പ്രേമചന്ദ്രൻ ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് എംപിയായി വിജയിച്ചത്. ഈ സാഹചര്യത്തിൽ സിപിഎം വീണ്ടും ഒരു പരീക്ഷണത്തിന് മുതിരില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സിപിഎമ്മിന് വെല്ലുവിളിയുണ്ടാക്കിയതാണ്. ഇടതുപക്ഷത്തിന്റെ കൈപ്പിടിയിലൊതുങ്ങിയ കൊല്ലത്തെ സിറ്റിംഗ് സീറ്റ് ഇനിയും നഷ്ടപ്പെടാതിരിക്കാൻ പൊതുസ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെയാണ് സിപിഎം തേടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം.

സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹന്റെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ട്. തൊഴിലാളി നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിലുള്ള ബന്ധം ജയമോഹന് മുൻതൂക്കം നൽകുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും പാർട്ടിയുടെ പരിഗണനയിലുണ്ട്.