തർക്കം പരിഹരിക്കാനെത്തി; യുവാവിന്റെ കണ്ണിൽ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തി, കാഴ്‌ച നഷ്‌ടമായി

Wednesday 07 January 2026 11:03 AM IST

പത്തിരിപ്പാല: ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ പരിക്കേറ്റ യുവാവിന്റെ ഇടതു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. അകലൂർ ആലംതട്ടപ്പടി പരേതനായ ഉണ്ണിക്കൃഷ്‌ണന്റെ മകൻ കൃഷ്‌ണപ്രസാദിന്റെ കാഴ്‌ചയാണ് നഷ്‌ടമായത്. പുതുവർഷത്തലേന്ന് രാത്രി പത്തരയോടെ പത്തിരിപ്പാല ചന്തയിലാണ് തർക്കമുണ്ടായത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘം കൃഷ്‌ണപ്രസാദിന്റെ സുഹൃത്തുക്കളായ ഷമീർ, അബ്‌ദുല്ല എന്നിവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നീട് അത് അക്രമത്തിലേക്ക് വഴിമാറുകയുമായിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് കൃഷ്‌ണപ്രസാദിനെ ആക്രമിക്കാൻ തുടങ്ങിയത്. ഇതിനിടെയാണ് പ്രതികളിലൊരാൾ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ഇയാളുടെ കണ്ണിൽ കുത്തി പരിക്കേൽപ്പിച്ചത്.

ഇടതു കണ്ണിനു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒറ്റ‌പ്പാലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കണ്ണാശുപത്രിയിൽ ശസ്‌ത്രക്രിയ നടത്തിയെങ്കിലും കാഴ്‌ച നഷ്‌ടപ്പെടുമെന്ന സ്ഥിതിയായിരുന്നു. യുവാവിനെ അക്രമിച്ച മൂന്ന് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.