ചികിത്സാ പിഴവ്; വയനാട് മെഡിക്കൽ കോളേജിൽ പ്രതിഷേധം, കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

Wednesday 07 January 2026 12:51 PM IST

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിഷേധം. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഡോക്ടർമാർ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നടക്കമുള്ള ആരോപണങ്ങളുന്നയിച്ചാണ് പ്രതിഷേധം. ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നു രണ്ടര മാസത്തിനുശേഷം തുണിക്കഷണം തനിയെ പുറത്തു വന്ന സംഭവമാണ് വിവാദമായത്. രക്തസ്രാവം തടയാൻ വച്ച തുണിയാണിതെന്ന് കരുതുന്നു. ചികിത്സിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

കഴിഞ്ഞ ഒക്ടോബർ 20ന് പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാനന്തവാടി പാണ്ടിക്കടവ് പാറവിളയിൽ വീട്ടിൽ ദേവി (21) രാത്രി പത്തോടെ കുഞ്ഞിനു ജന്മം നൽകി. സുഖ പ്രസവമായതിനാൽ 23ന് ഡിസ്ചാർജ് ചെയ്തു. ഇതിനുശേഷം അസഹ്യമായ വേദനയും ദുർഗന്ധവും കാരണം ആശുപത്രിയിലെത്തി രണ്ടുതവണ ഡോക്ടറെ കണ്ടിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞു മടക്കി അയക്കുകയായിരുന്നു.

കഴിഞ്ഞ 29നാണ് തുണിക്കഷ്ണം തനിയെ പുറത്തേക്കു വന്നത്. രണ്ടുതവണ വേദനയുമായി പോയപ്പോഴും സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ലെന്ന് ദേവി ആരോപിച്ചു. തുണിക്കഷ്ണം പുറത്തുവന്ന ശേഷമാണ് സ്‌കാനിംഗ് നടത്തിയത്. ഇത് ആദ്യം ചെയ്തിരുന്നെങ്കിൽ അസഹ്യമായ വേദന അനുഭവിക്കേണ്ടി വരുമായിരുന്നില്ലെന്നാണ് യുവതി പറയുന്നത്.