ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവം; പാപ്പാൻ കസ്റ്റ‌ഡിയിൽ, കുട്ടിയുടെ പിതാവിനായി തെരച്ചിൽ

Wednesday 07 January 2026 2:18 PM IST

ഹരിപ്പാട്: ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തിൽ പാപ്പാൻ കസ്റ്റഡിയിൽ. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെയാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ പിതാവായ പാപ്പാൻ അഭിലാഷിനായി തെരച്ചിൽ തുടങ്ങി. ഹരിപ്പാട് പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.

ആറുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കൊലകൊമ്പൻ ആനയുടെ കൊമ്പിലിരുത്തിയ വീഡിയോ പുറത്തുവന്നിരുന്നു. കൊമ്പിൽ ചേർത്തിരുത്തവേ തലകീഴായി മറിഞ്ഞ് ആനയുടെ കാൽക്കീഴിൽ വീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

മൂന്നുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ഹരിപ്പാട് സ്കന്ദന് മുന്നിലേക്കാണ് താത്കാലിക പാപ്പാനായ കൊട്ടിയം സ്വദേശി അഭിലാഷ് തന്റെ കുഞ്ഞിനെ കൊടുത്തത്. വീഴ്ചയിൽ ആനയുടെ കാലിലെ ചങ്ങലയിൽ കുഞ്ഞിന്റെ തലയിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഹരിപ്പാട് ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തിൽ ആനയുടെ കാലുകൾക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്.

തുടർന്ന് ആനക്കൊമ്പിലിരുത്തുന്നതിനിടെ കൈയിൽ നിന്ന് തെന്നിപ്പോയ കുഞ്ഞ് നിലത്തുവീണു. നാട്ടുകാരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തെത്തുടർന്ന് അഭിലാഷിനെ ദേവസ്വം ബോർഡ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവസമയം അഭിലാഷ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.