പാസ്‌പോർട്ട് വെരിഫിക്കേഷന്റെ പേരിൽ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയായി സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. ഹാർബർ പൊലീസെടുത്ത കേസിലാണ് നടപടി.
ഈ മാസം അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പാസ്‌പോർട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയുടെ വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിന് പകരം തന്നെ വന്ന് കാണാൻ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തോപ്പുംപടി പാലത്തിന് സമീപത്തുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യൂവിന് സമീപത്തേക്കെത്താൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ യുവതിയോട് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന കാറിലേക്ക് കയറാൻ ഇയാൾ നിർദേശിച്ചു. പിന്നാലെ കാറിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പിറ്റേദിവസം തന്നെ യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് ഹാർബർ പൊലീസ് വിജേഷിനെതിരെ കേസെടുത്തു.
സ്‌ത്രീയുടെ അന്തസിനെ ഹനിക്കുന്ന വിധത്തിൽ പെരുമാറിയതിന് സിപിഒയെ സസ്‌പെൻഡ് ചെയ്‌തതായാണ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിന് ശേഷമാകും തുടർ നടപടികളെന്നും പൊലീസ് അറിയിച്ചു.