ഏറ്റവും മൂ‌ർച്ചയേറിയ പല്ലുള്ള ജീവികൾ മുതലകളോ അതോ സ്രാവുകളോ? വിചിത്രമായ ഉത്തരം കണ്ടെത്തി ഗവേഷകർ

Wednesday 07 January 2026 4:51 PM IST

ഏറ്റവും മൂർച്ചയേറിയ പല്ലുള്ള ജീവി ഏതാകും? സിംഹം, കടുവ, മുതല, ഹിമക്കരടി ഇങ്ങനെയൊക്കെയാകും നിങ്ങളുടെ മനസിൽ തോന്നുന്ന മറുപടികൾ. ലോകത്തിൽ ഏറ്റവും ശക്തമായ ബൈറ്റ് ഫോഴ്‌സുള്ള ജീവി സാൾട്ട് വാട്ടർ മുതലയാണ്. പക്ഷെ ഭൂമിയിൽ ഇന്നുവരെയുള്ളതിൽ ഏറ്റവും വലിയ മൂർച്ചയേറിയ പല്ലുള്ള ജീവി കോണോഡോണ്ട്‌സ് എന്ന ജീവിയാണ്. വെള്ളത്തിൽ കഴിഞ്ഞിരുന്ന ഈലുകളെ പോലെ നീണ്ട ശരീരമുള്ള കോണോഡോണ്ടുകളുടെ പല്ല് എത്ര മൂർച്ചയുണ്ടായിരുന്നുവെന്ന് ദി റോയൽ സൊസൈറ്റി പ്രസിദ്ധീകരിച്ച ലേഖനത്തിലുണ്ട്. ഇതുവരെ ജീവിച്ചിരുന്ന ജീവികളിൽ പലതിലേതിലും വളരെ മാരകമായിരുന്നു ഇവയുടെ പല്ലിന്റെ മൂർച്ച.

ഈലിന്റെ ശരീരഘടന ഉണ്ടെങ്കിലും ഇവയുടെ വലിപ്പം തീരെ കുറവായിരുന്നു. കോടിക്കണക്കിന്‌ വർഷങ്ങൾ മുൻപ്‌ കാംബ്രിയൻ കാലഘട്ടത്തിൽ ആണ് ഇവ ഉത്ഭവിച്ചത്. പിന്നീട് ട്രയാസിക് കാലഘട്ടത്തിന്റെ അവസാനം വരെ ഇവ നിലനിന്നു. പൂർണമായ ശരീരം ലഭിച്ചിട്ടല്ല ഇവയെ തിരിച്ചറിഞ്ഞത് പകരം കാൽസ്യം ഫോസ്‌ഫേറ്റ് അടങ്ങിയ സൂക്ഷ്‌മ മൂലകങ്ങളിൽ നിന്നാണ്. ഇന്നുള്ളതുപോലെ ഒരു നിരയിലെ പല്ലുകളല്ല കോണോഡോണ്ടുകൾക്കുള്ളത് പകരം വായ നിറയെ നിരയില്ലാതെ മൂർച്ചയേറിയ പല്ലുകളാണ്. ഇന്ന് ഏറ്റവും മൂർച്ചയേറിയ പല്ലുള്ള സ്രാവുകളെയും മുതലകളെയും പോലെ മോണയിൽ നിന്നല്ല ഇവയ്‌ക്ക് പല്ല് മുളച്ചിരുന്നത് മാത്രമല്ല ജീവിതകാലം മുഴുവനും ഈ പല്ലുകൾ മാറി പുതിയത് വരികയും ചെയ്യും.

കാഴ്‌ചയിലെ മൂർച്ച മാത്രമല്ല പല്ലുകളുടെ അറ്റത്തെ വക്രതയും കണക്കുകൂട്ടിയാണ് ഇവയാണ് ചരിത്രത്തിലിന്നോളം ഏറ്റവും മൂർച്ചയേറിയ പല്ലുള്ള ജീവിയാണ് എന്ന് മനസിലാക്കിയത്. 1980കളുടെ തുടക്കത്തിലാണ് ഇവയുടെ ഫോസിലുകൾ ലഭ്യമായി തുടങ്ങിയത്. തീരെ വലിപ്പം കുറഞ്ഞ ഞണ്ട് പോലെയുള്ളവയുടെ വിഭാഗത്തിൽ പെട്ട ജീവികളെയാണ് ഇവ ഭക്ഷിച്ചിരുന്നത്. മൃതദേഹാവശിഷ്‌ടങ്ങളും ഇവ കഴിച്ചിരുന്നു. തീരെ ചെറിയ ജീവികളെ മുതൽ വലിയ ജന്തുക്കളുടെ മൃതദേഹം വരെ ഇത്തരത്തിൽ ഭക്ഷിച്ചിരുന്നു.