'ബോംബ് നിർമ്മിച്ചതിന് പിന്നിൽ എസ്‌ഡിപിഐ'; ആരോപണവുമായി ആർഎസ്എസ്, പരിശോധനയിൽ കണ്ടെത്തിയത് പാറപ്പൊടി

Wednesday 07 January 2026 5:26 PM IST

കണ്ണൂർ: പാനൂരിൽ ബോംബ് പിടിച്ചെടുത്തെന്ന വാർത്തകൾക്കു പിന്നാലെ എസ്‌ഡി‌പിഐക്ക് എതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി ആർഎസ്‌എസ് പ്രകടനം. പിടിച്ചെടുത്തത് ബോംബല്ല, ഡപ്പിയിൽ നിറച്ച പാറപ്പൊടിയാണെന്നാണ് പൊലീസ് പിന്നീട് കണ്ടെത്തിയത്. എന്നാൽ, എസ്‌ഡി‌പിഐക്ക് എതിരെ ആർഎസ്എസ് നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി.

തിങ്കളാഴ്‌ചയാണ് മൊകേരി തങ്ങൾപീടികയിൽ സ്‌കൂൾ മൈതാനത്തിനു സമീപത്തു നിന്നും ഐസ്‌ക്രീം ബോംബിനു സമാനമായ എട്ട് ഡപ്പികളും വടിവാളും കണ്ടെത്തിയത്. പിടിച്ചെടുത്ത ബോംബുകൾക്ക് പിന്നിൽ എസ്‌ഡിപിഐ ആണെന്നാരോപിച്ചാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. 'ഓർമ്മയില്ലേ കണ്ണവം, ഓർമ്മയില്ലേ സലാവുദ്ദീനേ, ചത്തുമലച്ചു കിടന്നില്ലേ' എന്നിങ്ങനെയുള്ള മുദ്രാവാക്യവുമായിട്ടായിരുന്നു ആർഎസ്എസ് പ്രകടനം. ബോംബ് സ്‌ക്വാഡെത്തി ബോംബ് നിർവീര്യമാക്കാൻ എടുത്തപ്പോഴാണ് ഡപ്പിക്കകത്ത് പാറപ്പൊടിയാണെന്ന് മനസിലാക്കിയത്.