ചേപ്പനത്ത് വീടുകയറി ആക്രമണം: പ്രതികളിൽ ഒരാൾ പിടിയിൽ

Wednesday 07 January 2026 8:36 PM IST

മരട്: പനങ്ങാട് ചേപ്പനത്ത് വീടുകയറി ആക്രമിച്ച ലഹരി സംഘത്തിലെ പ്രതികളിലൊരാളായ ചേപ്പനം സ്വദേശി വടക്കേ മട്ടിലിൽ വീട്ടിൽ ജിതിനെ (27) പനങ്ങാട് പൊലീസ് പിടികൂടി. ചാത്തമ്മ പള്ളിയിലെ തിരുന്നാൾ പ്രദക്ഷിണ വഴിയിലെ അലങ്കാരപ്പണികളിൽ ഏർപ്പെട്ടിരുന്ന ചെറുപ്പക്കാരുമായി ലഹരിസംഘം വാക്കേറ്റമുണ്ടായി. അന്നേദിവസം രാത്രി ലഹരിസംഘം ചെറുപ്പക്കാരിലൊരാളായ ടിബിൻ സേവ്യറിന്റെ വീടുകയറി ആക്രമിക്കുകയായിരുന്നു. തിരുന്നാൾ ദിവസമായ ഞാറാഴ്ച രാത്രിയിലായിരുന്നു സംഭവം. ചേപ്പനം സ്വദേശിയായ ടിബിൻ സേവ്യർ, തോമസ്, ജോഷി, നീതു ജോൺസൺ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. എറണാകുളം എ.സി.പിയുടെ ചാർജുള്ള കെ.പി ഇബ്രാഹിന്റെ നേതൃത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ജിതിനെ പിടികൂടിയത്. മറ്റു പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് എ.സി.പി പറഞ്ഞു. പനങ്ങാട് എസ്. ഐ മുനീർ എം. എം,പൊലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, പ്രശാന്ത്.പി, അനീഷ് ടി.ആർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.