എളമരം കരീമിന്‌ കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം

Thursday 08 January 2026 12:43 AM IST
സി.​ഐ.​ടി.​യു​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​ള​മ​രം​ ​ക​രീ​മി​ന് ​സി.​ഐ.​ടി.​യു​ ജില്ലാ കമ്മിറ്റിയുടെ ​നേ​തൃ​ത്വ​ത്തി​ൽ​ ​ ​കോ​ഴി​ക്കോ​ട് ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണം.

കോഴിക്കോട്‌: സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എളമരം കരീമിന്‌ കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിലായിരുന്നു സ്വീകരണം. സ്‌റ്റേഡിയം കോർണറിൽ നിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ തൊഴിലാളി മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. മാവൂർ ഗ്വാളിയോർ റയോൺസിലെ തൊഴിലാളി നേതാവായി തുടങ്ങിയ എളമരം കരീമിന്റേത്‌ ത്രസിപ്പിക്കുന്ന സംഘടനാ വൈഭവമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ, എൻ.കെ രാമചന്ദ്രൻ, പി.പി പ്രേമ, ടി.വിശ്വനാഥൻ, എം. ഗിരീഷ്‌, പി.കെ സന്തോഷ്‌, പി.നാസർ, ടി.ദാസൻ, തുടങ്ങിയവർ പങ്കെടുത്തു.

ട്രേഡ്‌ യൂണിയനെ നശിപ്പിക്കാൻ നീക്കം: എളമരം

കോഴിക്കോട്: ട്രേഡ്‌യൂണിയൻ ഇല്ലെങ്കിൽ രാജ്യത്തെ തൊഴിലവകാശം ഇല്ലാതാവുമെന്ന്‌ എളമരം കരീം പറഞ്ഞു. സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രേഡ്‌ യൂണിയനെ നശിപ്പിക്കാനുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാരിന്റേത്. തൊഴിലാളികളുടെ അവകാശങ്ങൾ സംഗ്രഹിച്ച 29 തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി തൊഴിലാളി വിരുദ്ധ ലേബർകോഡ്‌ നടപ്പാക്കുകയാണ്‌. മാദ്ധ്യമങ്ങൾക്കുള്ള തൊഴിലവകാശങ്ങൾ കൂടിയാണ് ലേബർ കോഡിലൂടെ ഇല്ലാതാക്കുന്നത്. ഉജ്ജ്വലരായ നിരവധി തൊഴിലാളി നേതാക്കളോടൊപ്പം പ്രവർത്തിക്കാനായത്‌ തനിക്ക് കരുത്തായെന്നും അദ്ദേഹം പറഞ്ഞു.