അമേരിക്കൻ ഇലക്ട്രോണിക്സ് ഷോയിൽ സ്‌റ്റാളുമായി കേരള ഐ.ടി കമ്പനികൾ

Thursday 08 January 2026 12:52 AM IST

തിരുവനന്തപുരം: അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (സിഇഎസ് 2026) കേരളത്തിലെ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെ 11 മുൻനിര ടെക്‌നോളജി കമ്പനികൾ സ്റ്റാൾ തുറന്നു.

ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ജെ ശ്രീനിവാസ കേരളത്തിന്റെ ഐ.ടി പവലിയൻ ഉദ്ഘാടനം ചെയ്തു. ജനുവരി ആറിന് ആരംഭിച്ച പരിപാടി ഒൻപതിന് അവസാനിക്കും.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ടെക്‌നോളജി ട്രേഡ് അസോസിയേഷനായ കൺസ്യൂമർ ടെക്‌നോളജി അസോസിയേഷനാണ് (സി.ടി.എ) പരിപാടി സംഘടിപ്പിക്കുന്നത്. അത്യാധുനിക ഉപഭോക്തൃ ടെക്‌നോളജി ഹാർഡ് വെയർ, സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകൾ, ടെക്‌നോളജി ഡെലിവറി സിസ്റ്റംസ്, നൂതന സൊല്യൂഷനുകൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ, ഡെവലപ്പർമാർ, വിതരണക്കാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ കമ്പനികളെ ഒരുമിപ്പിക്കുന്ന വേദിയാണിത്.

ആഗോള ടെക്‌നോളജി ഹബ് എന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം ഉയർത്തിക്കാട്ടുന്ന വിധത്തിലാണ് കേരള പ്രതിനിധി സംഘത്തിന്റെ സ്റ്റാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ടെക്‌നോളജി ഇവന്റുകളിൽ ഒന്നാണ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ. കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ പങ്കെടുക്കുന്നതിലൂടെ അന്താരാഷ്ട്ര പങ്കാളികളെ ആകർഷിക്കാനും സഹകരണം വളർത്താനും കേരള ഐടി പ്രതിനിധി സംഘം ലക്ഷ്യമിടുന്നു.

കേരളത്തിന്റെ നവീന ഉത്പന്നങ്ങളുടെ പ്രദർശനം

ഇന്നവേഷൻ, അഡ്വാൻസ്ഡ് എൻജിനീയറിംഗ്, ഭാവിക്ക് അനുയോജ്യമായ ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവയിലെ കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിന് സി.ഇ.എസ് അവസരമൊരുക്കും.

ഡീപ്‌ടെക് മേഖലയിലെ പുരോഗതി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഡക്ട് എൻജിനീയറിംഗ്, എന്റർപ്രൈസ് സൊല്യൂഷനുകൾ എന്നിവയിൽ സംസ്ഥാനത്തിന്റെ മുന്നേറ്റം വിളിച്ചോതുന്ന കാഴ്ചകളാണ് കേരള പവലിയനിലുള്ളത് .