ഇബ്രാഹിംകുഞ്ഞിന് കണ്ണീരോടെ യാത്രാമൊഴി

Thursday 08 January 2026 2:09 AM IST

ആലുവ: മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് (73) കണ്ണീരോടെ യാത്രാമൊഴി നൽകി നാട്. ആലുവ മണപ്പുറം റോഡിൽ 'പെരിയാർ ക്രസന്റി"ലേക്ക് ചൊവ്വാഴ്ച് രാത്രി 10.30ന് മൃതദേഹം എത്തിച്ചപ്പോൾ മുതൽ ആദരാഞ്ജലിയർപ്പിക്കാൻ ജനപ്രവാഹമായിരുന്നു.

ഇന്നലെ രാവിലെ 9.15ന് മൃതദേഹം ഖബറടക്കത്തിനായി ആലങ്ങാട് ജുമാമസ്ജിദിലേക്ക് കൊണ്ടുപോകുന്നത് വരെ അന്ത്യാജ്ഞലി അർപ്പിക്കാനുള്ള ജനപ്രവാഹം തുടർന്നു. രാവിലെ 8.30ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെത്തി. മന്ത്രി പി. രാജീവ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.പിമാരായ ഹൈബി ഈഡൻ, പി.വി. അബ്ദുൾ വഹാബ്, ജെബി മേത്തർ, ഹാരീസ് ബീരാൻ, എം.എൽ.എമാരായ പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, അൻവർ സാദത്ത്, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, എസ്. ശർമ്മ, ലീഗ് നേതാക്കളായ ടി.എ. അഹമ്മദ് കബീർ, അഡ്വ. മുഹമ്മദ് ഷാ, വി.കെ. ബീരാൻ, എം.കെ.എ. ലത്തീഫ്, സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ. ഗോപിനാഥ്, കെ.പി.പി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, കളമശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ആലങ്ങാട് ജുമാമസ്ജിദിൽ അര മണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷം സംസ്ഥാന സർക്കാർ ബഹുമതിയോടെയായിരുന്നു കബറടക്കം. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇബ്രാഹിംകുഞ്ഞ് ചൊവ്വാഴ്ച് വൈകിട്ട് 3.40നാണ് അന്തരിച്ചത്.