പീഡനശ്രമം; ലഹരിമാഫിയ ബന്ധം: 2 പൊലീസുകാർക്ക് സസ്പെൻഷൻ

Thursday 08 January 2026 3:26 AM IST

കൊച്ചി: എറണാകുളം ജില്ലയിൽ ഒരേ ദിവസം രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പള്ളുരുത്തി സ്റ്റേഷനിലെ സി.പി.ഒ. ആലപ്പുഴ സ്വദേശി വിജേഷ്, കാലടി സ്റ്റേഷനിലെ സി.പി.ഒ പെരുമ്പാവൂർ സ്വദേശി സുബീർ എന്നിവർക്കെതിരെയാണ് നടപടി.

പാസ്‌പോർട്ട് വെരിഫിക്കേഷന്റെ ഭാഗമായി വിളിച്ചുവരുത്തിയ യുവതിയെ കടന്നുപിടിച്ച കേസിലാണ് വിജേഷിന് സസ്പെൻ‌ഷൻ. ലഹരി മാഫിയ ബന്ധത്തിന്റെ പേരിലാണ് സുബീറിനെതിരായ നടപടി.

കഴിഞ്ഞമാസം 22ന് പനയപ്പള്ളി സ്വദേശിനിയുടെ വീട്ടിലെത്തിയ വിജേഷ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. 27കാരി ഭർത്താവുമായി അകൽച്ചയിലാണെന്ന് മനസിലാക്കിയതോടെ, വെരിഫിക്കേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേനെ തിങ്കളാഴ്ച ബി.ഒ.ടി പാർക്കിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് നിർബന്ധിച്ച് കാറിൽ കയറ്റി കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. ഹാർബർ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്‌പെൻഷൻ.

കുമ്പളങ്ങിയിൽ ജോലി ചെയ്യവേ സമാനമായ പരാതി വിജേഷിനെതിരെ ഉയർന്നിരുന്നു. ഭാര്യയും കുട്ടിയുമുള്ള വിജേഷ് ഒളിവിലാണ്. വൈകാതെ അറസ്റ്റ് ഉണ്ടാകും.

കഴിഞ്ഞ സെപ്തംബറിൽ എക്‌സൈസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) ചേർന്ന് നടത്തിയ റെയ്ഡിൽ പെരുമ്പാവൂരിലെ ഭായ് കോളനിയിലുള്ള സുബീറിന്റെ ബന്ധുവീട്ടിൽനിന്ന് 66 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. പലചരക്ക് കടയുടെ മറവിൽ നടന്ന ലഹരിക്കച്ചവടത്തിൽ സുബീറിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി. ലഹരി സംഘവുമായുള്ള സാമ്പത്തിക ഇടപാടുകളും വ്യക്തമായതോടെയാണ് സുബീറിനെ സസ്‌പെൻഡ് ചെയ്യാൻ റൂറൽ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. സുബീറിനെതിരെ കേസെടുക്കും.