മാറ്രിവച്ച അരവണ വിറ്റു; ബോർഡിന് നഷ്ട‌മില്ല

Thursday 08 January 2026 3:42 AM IST

ശബരിമല : ജലാംശം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്ത് മാറ്റിവച്ച 1 .60 ലക്ഷം ടിൻ അരവണ പിന്നീട് വിറ്റെന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. ഈ അരവണ ഭക്ഷ്യയോഗ്യമാണെന്ന് ഭക്ഷ്യ സുരക്ഷാ ലാബ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്തുതന്നെ വിറ്റു. തീർത്ഥാടനകാലത്തിന് മുന്നോടിയായി നവംബറിലായിരുന്നു അരവണ തയ്യാറാക്കിയത്. സീസൺ തുടങ്ങുന്നതിന് മുമ്പ് 50 ലക്ഷത്തോളം ടിൻ അരവണ കരുതൽ ശേഖരമായി സൂക്ഷിക്കാറുണ്ട്. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ജലാംശം കുറച്ചാണ് തയ്യാറാക്കുന്നത്. ജലാംശം വളരെ കുറഞ്ഞുപോയതിനാൽ അരവണ ചെറുതായി കട്ടിയായി. അതിനാലാണ് വിൽക്കാതെ മാറ്റിവച്ചത്. പിന്നീട് ഭക്ഷ്യ സുരക്ഷാ ലാബിൽ പരിശോധിച്ച് ഗുണമേൻമ ഉറപ്പുവരുത്തുകയായിരുന്നു.

ഈ തീർത്ഥാടനകാലത്ത് കരുതൽ ശേഖരം കുറഞ്ഞതിനാൽ ആഴ്ചകളായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം നീക്കി. ഇന്നലെ മുതൽ ഭക്തർക്ക് ആവശ്യാനുസരണം അരവണ നൽകുന്നുണ്ട്.