'അമ്മ തണലിൽ' കാടങ്കോട് ഗവ. ഫിഷറീസ് സ്കൂൾ കുട്ടികളും മാ കെയർ സെന്റർ ഇന്ന് തുറക്കും

Wednesday 07 January 2026 11:51 PM IST
കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് പ്രവർത്തനം തുടങ്ങുന്ന മാ കെയർ സെന്റർ

ചെറുവത്തൂർ: കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും അമ്മ തണലിലേക്ക്. കാസർകോട് ജില്ലാ പഞ്ചായത്തും ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ചേർന്നൊരുക്കിയ മാ കെയർ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് ശേഷം നടക്കും. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങളും ഭക്ഷണപദാർത്ഥങ്ങളും ഇനി മുതൽ മാകെയർ സെന്ററിൽ നിന്ന് ലഭിക്കും. സ്കൂൾ വിദ്യാർത്ഥികൾ കോമ്പൗണ്ട് വിട്ടു പുറത്തു പോകാതിരിക്കാനും ലഹരി വസ്തുക്കൾക്ക് അടിമകളാകാതിരിക്കാനും വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്.

വീട്ടിൽ അമ്മമാരിൽ നിന്ന് കിട്ടുന്ന പരിചരണം നൽകുന്നതോടൊപ്പം സ്വന്തം വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് മാ കെയർ സെന്റർ കൊണ്ട് ഉദ്ദേശിക്കുന്നത്. 70 ലക്ഷത്തോളം രൂപ ചെലവ് ചെയ്താണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കാടങ്കോട് സ്കൂളിൽ മാ കെയർ സെന്റർ നിർമ്മിച്ചത്. ഇതിന് ആവശ്യമായ കെട്ടിടവും പുതുതായി നിർമ്മിച്ചതാണ്. കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് പ്രത്യേകം ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്ത വരെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളായ പ്രേമലത, സീമ, പ്രസീത എന്നിവരാണ് മാ കെയർ സെന്ററിന്റെ ചുമതലക്കാർ.

ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് പി. മിനിമോൾ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. സെറീന സലാം, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ. രതീഷ് കുമാർ എന്നിവർ മുഖ്യാതിഥിയാകും. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കരുണാകരൻ മുട്ടത്ത്, പത്താമത്തെ കൃഷ്ണൻ, സി.കെ സാബിറ, പി.ടി.എ പ്രസിഡന്റ് ടി.വി റിയാസ്, കുടുംബശ്രീ എ.ഡി.എം.സി ഡി.ഹരിദാസ് തുടങ്ങിയവർ സംബന്ധിക്കും.