ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ നേട്ടമുണ്ടാക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

Sunday 13 October 2019 12:58 AM IST

കണ്ണൂർ: ഉപതിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ നേട്ടമുണ്ടാക്കുമെന്ന് ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷനും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടിയുടെ നിലപാടുകൾക്ക് വ്യക്തതയില്ലെന്ന് പ്രചരിപ്പിക്കുന്നത് മാദ്ധ്യമങ്ങളാണെന്നും കണ്ണൂർ യൂണിയൻ ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മണ്ഡലങ്ങളിലും എൻ.ഡി.എയ്ക്ക് തികഞ്ഞ വിജയസാദ്ധ്യതയുണ്ട്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സീറ്റുകൾ കോൺഗ്രസ് തൂത്തുവാരിയത്. അക്കാലത്തുപോലും ഇപ്പോൾ മത്സരിക്കുന്ന മണ്ഡലത്തിൽ കെ. സുരേന്ദ്രന് മൂവായിരത്തോളം വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്രത്തോടൊപ്പം കേരളവും വളരണമെന്നാണ് ഇപ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്നത്.

എസ്.എൻ.ഡി.പി യോഗം,​ എൻ.എസ്.എസ്,​ കെ.പി.എം.എസ് അടക്കമുള്ള ഒരു സമുദായ സംഘടനയും എൻ.ഡി.എയ്ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. ശരിദൂരമെന്നാണ് എൻ.എസ്.എസ് അടക്കമുള്ളവരുടെ നിലപാട്. എസ്.എൻ.ഡി.പി യോഗത്തിൽ എല്ലാ പാർട്ടിക്കാരും ഉള്ളതിനാൽ പ്രത്യേകിച്ച് ഒരു ചായ്‌വ് കാട്ടാനാകില്ല. ബി.ഡി.ജെ.എസിന്റെ നിലപാടാണ് താൻ പറയുന്നത്. ചില വിഷയങ്ങളിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. പാർട്ടി രൂപീകരണകാലത്ത് എതിർത്ത ഇടത്, വലത് മുന്നണികൾ ഇപ്പോൾ തങ്ങളെ സ്വാഗതം ചെയ്യുന്നു. ബി.ഡി.ജെ.എസ്, എൻ.ഡി.എയുടെ ഭാഗമായപ്പോഴാണ് വോട്ടുവിഹിതം 16 ശതമാനംവരെ ഉയർന്നത്. ശബരിമല വിഷയത്തിൽ സ്ത്രീകളെ മലകയറ്റാനാണ് ഇടത്-വലത് മുന്നണികൾ ശ്രമിച്ചത്. ഉത്തരവാദിത്വം കേന്ദ്രത്തിന്റെ തലയിലിടാനും ശ്രമിച്ചു. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാർ പറഞ്ഞു.