ജീവിയെ ആദ്യം കണ്ടത് ലോറി ഡ്രൈവര്‍, പിടികൂടാന്‍ പിന്നാലെയെത്തി വന്‍ സന്നാഹം

Thursday 08 January 2026 12:18 AM IST

ചെറുതോണി: ഇടുക്കി ഹില്‍വ്യൂ പാര്‍ക്കിന് സമീപം രാത്രി കടുവയിറങ്ങിയതായി അഭ്യൂഹത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. ചൊച്ചാഴ്ച രാത്രി രണ്ടിന് മലപ്പുറത്ത് നിന്ന് ലോഡുമായി കുമളിക്ക് പോയ പിക്കപ്പ് ലോറിയുടെ ഡ്രൈവര്‍ റിന്‍ഷാദാണ് കടുവയെ കണ്ടത്. ഇടുക്കി പാര്‍ക്കിനോട് ചേര്‍ന്ന് വലതു വശത്തെ കാട്ടിലേക്ക് പോകുന്നതാണ് കണ്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു.

ഒരു നിമിഷം പരിഭ്രാന്തനായ ഡ്രൈവര്‍ പാര്‍ക്കിലെ സെക്യൂരിറ്റിക്കാരനെ വിവരം അറിയിച്ചു. ഇയാള്‍ ഇടുക്കി പൊലിസില്‍ വിവരമറിയിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് രാത്രി തന്നെ ഇടുക്കി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ വീണ്ടും കൂടുതല്‍ വനപാലകരെത്തി പരിശോധന നടത്തി. എരുമേലിയില്‍ നിന്ന് കൊണ്ടുവന്ന ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരാനാണ് തീരുമാനം.

എട്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ളതെല്ലാം കണ്ടുപിടിക്കാന്‍ കഴിയുന്നതാണ് കഞ്ഞിക്കുഴിയില്‍ പുലിയെ തിരയുന്നതിനായി കൊണ്ടുവന്ന ഈ ഡ്രോണ്‍. നഗരംപാറ റേഞ്ച് ഓഫീസര്‍ ടി. രഘുലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി. ശ്രീജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ബി.എഫ്.ഒമാരായ ആല്‍ബര്‍ട്ട് കെ. സണ്ണി, അനിത്ത് സി, ആല്‍ബിന്‍, വാച്ചര്‍മാരായ മനു, ലാലു, തുടങ്ങിയവരുടെ ടീമാണ് രണ്ടു ഭാഗമായി തിരച്ചില്‍ നടത്തുന്നത്. കണ്ടെത്താന്‍ പറ്റിയില്ലങ്കില്‍ ഇന്ന് മൂന്നാറില്‍ നിന്ന് ആര്‍.ആര്‍. ടീമിനെ കൊണ്ടു വന്നു തിരച്ചില്‍ നടത്തും.