പ്രതികളെ വെറുതെ വിട്ടു

Thursday 08 January 2026 1:00 AM IST

കൊല്ലം: ജില്ലാ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും അത്യാഹിത വിഭാഗത്തിലെ കെട്ടിടത്തിന്റെ കതക്, വീൽ ചെയർ, ട്രോളികൾ തകർക്കുകയും ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി ഒഴികെയുള്ളവരെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌​ട്രേറ്റ് കെ.വി.നൈന വെറുതെ വിട്ടത്. 2017 ജനുവരി 1ന് ​പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രി ആർ.എം.ഒയായിരുന്ന ഡോ. അനിൽകുമാറിന്റെ പരാതിയിൽ ഈസ്റ്റ് പൊലീസ് അഡി. സബ് ഇൻസ്‌​പെക്ടറായിരുന്ന കെ.എ.മുഹമ്മദ് ബഷീറാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ധീരജ് രവി, തേവള്ളി കെ.എസ്.രാജീവ്, എ.കെ.സവാദ്, ചേരിക്കോണം ഗോപകുമാർ, അസീം മുഹമ്മദ് എന്നിവർ ഹാജരായി.