അഷ്ടമുടിയിൽ വീരനാകാൻ വീരു
കൊല്ലം: ആർപ്പുവിളിയും ആരവവുമുയർത്തി അഷ്ടമുടിയുടെ ഓളപ്പരപ്പിൽ വീറ് തെളിയിക്കാൻ വീയപുരം ചുണ്ടൻ. നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ പുന്നമടയിലെ ജലരാജാവായെങ്കിലും കഴിഞ്ഞവർഷം കൈവിട്ടുപോയ സി.ബി.എൽ കിരീടം വാശിയേറിയ പോരോട്ടത്തിലൂടെ തിരികെ പിടിക്കാനൊരുങ്ങിയാണ് വീരുവും കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബും.
അതോടൊപ്പം കഴിഞ്ഞ തവണത്തെ പ്രസിഡന്റ്സ് ട്രോഫി നിലനിറുത്താനുള്ള കഠിനപരിശ്രമത്തിലുമാണ്. കഴിഞ്ഞ തവണയും ഇതേ കൂട്ടുകെട്ടാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇത്തവണ പോയിന്റ് നിലയിൽ ഏറെ മുന്നിലായതിനാൽ ഒന്നാം സ്ഥാനം ഏറക്കുറെ ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. 9ന് രാവിലെ ചുണ്ടൻ കൊല്ലത്തെത്തും തുഴക്കാർ 10 നും. നിലവിൽ കൈനകരിയിലാണ് ടീം പരിശീലനം നടത്തുന്നത്.
കഴിഞ്ഞ തവണ വീരു - വില്ലേജ് കോമ്പോയ്ക്ക് തലനാരിഴയ്ക്ക് കൈവിട്ടുപോയ നെഹ്റുട്രോഫിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കുത്തക തകർത്ത് 4.21.084 മിനിറ്റിനാണ് 71ാമത് ജലോത്സവത്തിൽ വീരു വിജയക്കുതിപ്പിലേക്കെത്തിയത്. വീയപുരം ചുണ്ടന്റെ രണ്ടാം കിരീടധാരണമാണിത്. വീയപുരം ചുണ്ടനിൽ തുഴയെറിഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ (വി.ബി.സി) മൂന്നാം കിരീടവുമാണ്. ലീഡിംഗ് ക്യാപ്ടൻ ബൈജു കുട്ടനാട്, ഒന്നാം അമരം രാജീവ് രാജു കുമരകം, ഒന്നാം തുഴ അരുൺ വെള്ളംകുളങ്ങര, കോച്ച് ബേബി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വീയപുരം ചുണ്ടന്റെ പ്രകടനം.
വീയപുരത്തിന്റെ വില്ലൻ
ചുണ്ടൻ വള്ളങ്ങളുടെ തലസ്ഥാനമെന്നറിയപ്പെടുന്ന ആലപ്പുഴയിലെ വീയപുരം പഞ്ചായത്താണ് വീയപുരം ചുണ്ടന്റെ സ്വദേശം. വീയപുരം തെക്കും വടക്കും ഗ്രാമങ്ങളും പുത്തൻ തുരുത്ത് നിവാസികളും വെങ്കിടച്ചിറ നിവാസികളും ചേർന്നാണ് വീയപുരം ചുണ്ടൻ നിർമ്മിച്ചത്. ഇവരോടൊപ്പം പ്രവാസി സംഘടനയായ 'നന്മ'യും വീയപുരം ചുണ്ടൻ ഫാൻസ് അസോസിയേഷനും എഫ്.ആർ.വി.സിയും എല്ലാ സഹായ സഹകരണങ്ങളും നൽകി ഒപ്പം ചേർന്നു. 121 അടി നീളവും 84 തുഴക്കാരും 5 അമരക്കാരും 7 താളക്കാരുമാണുള്ളത്. അൻപത്തിരണ്ടേകാൽ കോൽ നീളവും 52 അംഗുലം വണ്ണവുമാണുള്ളത്. എന്നാൽ മറ്റ് ചുണ്ടൻ വള്ളങ്ങളെ അപേക്ഷിച്ച് ചെറുതാണ്. സാബു ആചാരിയുടെ നേതൃത്വത്തിലായിരുന്നു വള്ളം നിർമാണം. പ്രസിഡന്റ് ബി.ജി.ജഗേഷ് വീയപുരം, സെക്രട്ടറി ഷോബിൾ, ട്രഷറർ രാജേഷ് കുമാർ എന്നിവരാണ് വി.ബി.സി ചുണ്ടൻ വള്ള സമിതിക്ക് നേതൃത്വം നൽകുന്നത്.
കൈനകരി വില്ലേജ് ബോട്ട് ക്ലബ്
രൂപീകരിച്ചത് 1986ൽ
വിജയിച്ച വർഷം
1986,1987
(തുഴഞ്ഞത് കാരിച്ചാൽ വള്ളത്തിൽ)
വീയപുരം ചുണ്ടൻ
ഉളികുത്ത് - 2017 നവംബർ 19
മലർത്തിയത് - 2018 ഫെബ്രുവരി 16
നീരണിഞ്ഞത് - 2019 ജനുവരി 12