തദ്ദേശ ജോ. ഡയറക്ടർ ഓഫീസിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

Thursday 08 January 2026 1:15 AM IST

കൊല്ലം: മൂന്ന് മാസത്തെ വൈദ്യുതി കുടിശ്ശികയെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ഓഫീസിലെ വൈദ്യുതി കണക്ഷൻ ഇന്നലെ രാവിലെ 11 ഓടെ കെ.എസ്.ഇ.ബി വിച്ഛേദിച്ചു. കുറച്ചുതുക ഇന്ന് അടയ്ക്കാമെന്ന് ജോയിന്റ് ഡയറക്ടർ ഉറപ്പ് നൽകിയതോടെ ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

തദ്ദേശസ്വയംഭരണ ഡയറക്ടറേറ്റിൽ നിന്നാണ് ജോ.ഡയറക്ടർ ഓഫീസിലെ വൈദ്യുതി ബിൽ അടയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിച്ചതോടെ ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസ്, രണ്ട് അസി. ഡയറക്ടർ ഓഫീസ് എന്നിവയും ജോയിന്റ് ഡയറക്ടർ ഓഫീസിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ നാല് ഓഫീസുകളിലെയുമായി ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്. കുടിശ്ശിക സഹിതം ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അടയ്ക്കാഞ്ഞതോടെയാണ് ഇന്നലെ ഫ്യൂസ് ഊരിയത്. സംസ്ഥാനതല തദ്ദേശദിനാഘോഷം സംഘടിപ്പിക്കാനായി തദ്ദേശ സ്ഥാപനങ്ങൾ നൽകിയ തുകയിൽ മിച്ചമുള്ള 51000 രൂപ അടച്ച് താത്കാലികമായി പ്രശ്നം പരിഹരിക്കാനാണ് ആലോചന. ഓഫീസുകളിൽ ഇൻവെർട്ടർ ഉള്ളതിനാലാണ് ഒന്നര മണിക്കൂറോളം വൈദ്യുതി നിലച്ചത് ഓഫീസിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചില്ല.