രാജു ഏബ്രഹാമിനോട് വിശദീകരണം തേടി സി.പി.എം

Thursday 08 January 2026 1:17 AM IST

പത്തനംതിട്ട: പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യാതെ ആറൻമുളയിലെയും കോന്നിയിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം വെട്ടിലായി. ആറൻമുളയിൽ മന്ത്രി വീണാ ജോർജും കോന്നിയിൽ കെ.യു ജനീഷ് കുമാറും സ്ഥാനാർത്ഥിയാകുമെന്ന് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോടു പറഞ്ഞത് ഏതു ഘടകത്തിൽ തീരുമാനിച്ചിട്ടാണെന്ന് വിശദീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെന്ററിൽ നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്കയച്ച ഇ മെയിലിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് രാജു ഏബ്രഹാം സ്ഥാനാർത്ഥികളെക്കുറിച്ച് സൂചന നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാൽ ജില്ലയിൽ എവിടെ സ്ഥാനാർത്ഥിയാക്കിയാലും മന്ത്രി വീണാ ജോർജ് ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആറൻമുളയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. കോന്നിയിൽ നിലവിലെ എം.എൽ.എ ജനീഷ് കുമാർ ജനകീയനാണെന്നും രാജു ഏബ്രഹാം പറഞ്ഞിരുന്നു.