മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗികൾ കൈയൊഴിഞ്ഞ് പേവാർഡുകൾ
മഞ്ചേരി : രോഗികൾ കൈയൊഴിഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജിലെ പേ വാർഡുകൾ. അഡ്മിറ്റ് ബ്ലോക്കുകളിലെ വാർഡുകളിൽ കട്ടിൽ ലഭിക്കാതെ നിലത്ത് കിടക്കുമ്പോഴാണ് നാമമാത്ര വാടകയ്ക്ക് ലഭിച്ചിരുന്ന മുറികൾ ഒഴിഞ്ഞ് കിടക്കുന്നത്. മെഡിക്കൽ കോളേജിലെ അഡ്മിറ്റ് ബ്ലോക്കുകളിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന പേ വാർഡുകളിൽ ഡോക്ടർമാർ പരിശോധനക്ക് വരാൻ താമസിക്കുന്നത് കാരണമാണ് കേരള ഹെൽത്ത് ആൻഡ് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) കീഴിലുള്ള പേ വാർഡ് നടത്തിപ്പ് നഷ്ടത്തിലായത്. പേ വാർഡിൽ ഐ.സി.യു, ലിഫ്റ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങളില്ലാത്തതാണ് ഡോക്ടർമാർ പേ വാർഡ് ശുപാർശ ചെയ്യാത്തതിന് കാരണമെന്ന് പറയപ്പെടുന്നു.
ഒരു കാലത്ത് പേ വാർഡ് ലഭിക്കാൻ ശുപാർശയും ബുക്ക് ചെയ്ത് ദിവസങ്ങളുടെകാത്തിരിപ്പും ആവശ്യമായിരുന്നു. മുമ്പ് ഒ.പിക്കും മറ്റും അടുത്തായിരുന്നു പേ വാർഡ് . പിന്നീട് ഇവ കൂടുതൽ സൗകര്യങ്ങളുള്ളിടത്തേക്ക് മാറ്റിയതോടെയാണ് പേവാർഡിലേക്ക് മാറ്റുന്നവരുടെ എണ്ണം കുറഞ്ഞത്.
ആശുപത്രിക്ക് സമീപത്തെ പേ വാർഡ് കെട്ടിടത്തിൽ 40 മുറികളാണുള്ളത്. എ ടൈപ് 17, ഡീലക്സ് 18, അഞ്ച് സ്‌പെഷൽ മുറികളും. രോഗികളുടെ കൂട്ടിരിപ്പുകാർ മുറി ആവശ്യപ്പെട്ട് വരാറുണ്ട്. രോഗികളില്ലാതെ കൂട്ടിരിപ്പുകാർക്ക് മുറി അനുവദിക്കാൻ വ്യവസ്ഥയില്ല.
നിലയ്ക്കുന്നു
- രോഗികൾ വരാതായതോടെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് ജീവനക്കാരെ സ്ഥലം മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേ വാർഡ് അസിസ്റ്റന്റുമാർ ഉണ്ടായിരുന്നിടത്ത് നിലവിൽ രണ്ടു പേരാണുള്ളത്.
- വാടകയിനത്തിൽ സൊസൈറ്റിക്ക് ലഭിച്ചിരുന്ന വരുമാനവും കുറഞ്ഞു.
- ഈയിടെ മെഡിക്കൽ കോളേജ് റസിഡന്റ് ഡോക്ടർമാരുടെ താമസസ്ഥലമാക്കാനുള്ള നീക്കവും നടന്നു. രോഗികൾ കൊയൊഴിയുകയും സംവിധാനം നഷ്ടത്തിലാവുകയും ചെയ്യുന്നതോടെ മെഡിക്കൽ കോളേജിനു കെഎച്ച്ആർഡബ്ല്യൂഎസിന്റെ സേവനം നിലയ്ക്കാൻ ഇടയാക്കും.