സുശീൽഖന്ന റിപ്പോർട്ടിന് പുല്ലുവില കെ.എസ്.ആർ.ടി.സി ഭരണസമിതി,​ വിദഗ്ദ്ധരില്ലാതെ തുടരും

Sunday 13 October 2019 12:07 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് ഭരണസമിതിയിൽ വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ച് അഴിച്ചുപണിയണമെന്ന പ്രൊഫ. സുശീൽഖന്നയുടെ റിപ്പോർട്ടിലെ നിർദ്ദേശം പാലിക്കാൻ സർക്കാരിനു മടി. 16 അംഗ ഭരണസമിതിയിൽ ഔദ്യോഗിക അംഗങ്ങളായ എട്ടു പേരിൽ ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉൾപ്പെടെ മൂന്നു പേർ ഒഴിഞ്ഞതിനെ തുടർന്ന് ഭരണസമതി പുനഃസംഘടിപ്പിച്ചപ്പോഴും സർക്കാർ നാമനിർദ്ദേശം ചെയ്തവരെ നിലനിറുത്തുകയാണ് ചെയ്തത്.

ഔദ്യോഗിക അംഗങ്ങളിൽ മൂന്നു പേരുടെ കുറവ് നികത്താതെ പുറത്തിറക്കിയ ഉത്തരവു പ്രകാരം ഇപ്പോൾ 13 അംഗങ്ങൾ മാത്രമാണ് ഭരണസമിതിയിലുള്ളത്. സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന എട്ടുപേർ ഗതാഗത രംഗത്തെ വിദഗ്ദ്ധരായിരിക്കണമെന്നാണ് സുശീൽഖന്ന നിർദ്ദേശിച്ചിരുന്നത്. ഖന്ന റിപ്പോർട്ടിൽ ഭരണസമിതി അംഗങ്ങൾക്ക് നിഷ്‌കർഷിക്കുന്ന പരിജ്ഞാനമോ വൈദഗ്ദ്ധ്യമോ ഇപ്പോഴുള്ളവരിൽ ഭൂരിഭാഗത്തിനുമില്ല. ഇവരെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡവും സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇതിലൊരാൾ കെ.എസ്.ആർ.ടി.സിയിലെ മുൻ ജീവനക്കാരനാണ്.

രാഷ്ട്രീയതാത്പര്യങ്ങളുള്ളവരെ ഭരണസമിതിയിൽ ഉൾക്കൊള്ളിക്കുന്നത് ഭരണതലത്തിലെ തൊഴിലാളി യൂണിയൻ ഇടപെടലിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഭരണസമിതിയുടെ പിടിപ്പുകേടാണെന്നാണ് സുശീൽഖന്നയുടെ റിപ്പോർട്ടിൽ പറയുന്നത്.

ആറു മാസത്തിലൊരിക്കൽ ഭരണസമിതി ചേരേണ്ടതുണ്ട്. കഴിഞ്ഞ ജനുവരിക്കുശേഷം ചേർന്നിട്ടില്ല. സ്ഥിരജീവനക്കാരുടെ തസ്തിക നിർണയം, താത്കാലിക ജീവനക്കാരുടെ നിയമനം തുടങ്ങിയ തീരുമാനങ്ങൾ ഭരണസമിതി എടുക്കേണ്ടതുണ്ട്. എം.ഡിക്ക് തീരുമാനമെടുക്കാമെങ്കിലും ഭരണസമിതിയുടെ അംഗീകാരം നേടേണ്ടതുണ്ട്. ടോമിൻ തച്ചങ്കരിക്കുശേഷം നിയമിതനായ എം.പി ദിനേശന് ആദ്യം എം.ഡി സ്ഥാനമാണ് നൽകിയത്. പിന്നീടാണ് ചെയർമാൻ പദവി കൂടി നൽകിയത്. സർവീസിൽ നിന്നു വിരമിച്ച അദ്ദേഹത്തിന് കരാർ നിയമനമാണ് നൽകിയിട്ടുള്ളത്.