വികെ പ്രശാന്തിന്റെ പുതിയ ഓഫീസിൽ മൂന്ന് മുറികൾ; വാടക മുമ്പത്തേക്കാൾ ഏറെ

Thursday 08 January 2026 9:44 AM IST

തിരുവനന്തപുരം: ബി ജെ പി കൗൺസിലറും മുൻ ഡി ജി പിയുമായ ആർ ശ്രീലേഖയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വി കെ പ്രശാന്ത് എം എൽ എ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞത്. മരുതംകുഴിയിലാണ് എംഎൽഎയുടെ പുതിയ ഓഫീസ്. മൂന്ന് മുറികളാണ് ഈ ഓഫീസിനുള്ളത്.

850 രൂപ വാടക നൽകിയായിരുന്നു കോർപറേഷൻ കെട്ടിടത്തിൽ എം എൽ എ ഓഫീസ് പ്രവർത്തിച്ചിരുന്നത്, അതും ഏഴ് വർഷം. എന്നാൽ പുതിയ കെട്ടിടത്തിന് 15,000 രൂപയാണ് വാടകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്ന വിവരം ഇന്നലെയാണ് പ്രശാന്ത് അറിയിച്ചത്. അനാവശ്യ വിവാദങ്ങൾ വേണ്ട എന്നതുകൊണ്ടാണ് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രശാന്ത് എം എൽ എ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് കൗൺസിലർ ശ്രീലേഖ നേരത്തെ രംഗത്തെത്തിയത് വിവാദമായിരുന്നു.

ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. സ്ഥലസൗകര്യമില്ലെന്നും അതിനാൽ തന്റെ ഓഫിസ് പ്രവർത്തിപ്പിക്കുന്നതിനായി പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം.

എന്നാൽ, ഓഫീസ് ഒഴിയാൻ തയ്യാറല്ലെന്നും വാടകക്കാലാവധി കഴിയുന്നതുവരെ തുടരുമെന്നും പ്രശാന്ത് പറഞ്ഞിരുന്നു. വിവാദങ്ങൾക്കു പിന്നാലെ താൻ ഓഫീസ് ഒഴിയാൻ അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നുപറഞ്ഞ് ശ്രീലേഖ പ്രശാന്തിനെ കാണാൻ ഓഫീസിലെത്തിയിരുന്നു. പ്രശ്നം പരിഹരിച്ചെന്നും പ്രശാന്ത് തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെ എം എൽ എ ബോർഡിന് മുകളിൽ കൗൺസിലറുടെ ബോർഡ് സ്ഥാപിച്ച് ഓഫീസ് പ്രവർത്തനവും ആരംഭിച്ചിരുന്നു. അതിനിടെയാണ് പ്രശാന്ത് തന്റെ ഓഫീസ് ഒഴിയാൻ തീരുമാനിച്ചത്.