വിവാഹ ഒരുക്കത്തിനിടെ അപകടം; പ്രതിശ്രുത വരന്റെ കൈ അറ്റു, വധുവിന് ഗുരുതര പരിക്ക്

Thursday 08 January 2026 10:13 AM IST

പുതുക്കാട്: ദേശീയപാതയിൽ തൃശൂർ പുതുക്കാട്ടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന്റെ വലതു കൈ അറ്റ‌ു. വധുവിന് ഗുരുതരമായി പരിക്കേറ്റു. പൂങ്കുന്നം പാക്കത്തിൽ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകൻ മോട്ടി (34), ഡൽഹി സ്വദേശി മംത (27) എന്നിവർക്കാണ് പരിക്കേറ്റ‌ത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ജംഗ്‌ഷനിൽ സിഗ്നൽ കാത്തുകിടന്ന ഇവരുടെ ബൈക്കിന് പിറകിൽ അമിതവേഗത്തിലെത്തിയ ലോറിയിടിക്കുകയായിരുന്നു. തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത ലോറി നാട്ടുകാർ തടഞ്ഞു.

മോട്ടിയെ ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വലതുകൈ മുറിച്ചുമാറ്റേണ്ട അവസ്ഥയിലായിരുന്നു. ഇടുപ്പെല്ലിന് പരിക്കേറ്റ‌ മംതയ്‌ക്ക് വ്യാഴാ‌ഴ്‌ച ശസ്‌ത്രക്രിയ നടത്തും. ഗുജറാത്തിൽ എഞ്ചിനിയറായി ജോലി ചെയ്യുകയാണ് മോട്ടി. മംത ജോലി ചെയ്യുന്നത് പാറ്റ്‌നയിലാണ്. അടുത്ത മാസമാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ രജിസ്‌ട്രേഷനായുള്ള ഒരുക്കങ്ങൾക്കായി ക്രിസ്‌മസ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇവർ. വ്യാഴാഴ്‌ച മടങ്ങാനിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.