തമിഴ്‌നാട്ടിൽ ചുളുവില; സാധനം കേരളത്തിലെത്തിയാൽ 100 രൂപ, മലയാളികൾ വാങ്ങിക്കൂട്ടാൻ കാരണം
കല്ലറ: ശൈത്യകാലം ആരംഭിച്ചതോടെ വഴിയോരങ്ങളിലും, ഉത്സവ പറമ്പുകളിലും കരിമ്പും, കരിമ്പിൻ ജ്യൂസും സുലഭമായി. ശൈത്യകാലത്താണ് കരിമ്പിന്റെ വിളവെടുപ്പ്. അതുകൊണ്ട് ഇപ്പോൾ കരിമ്പ് സുലഭവും വിലക്കുറവുമാണ്. ജനറേറ്റർ ഘടിപ്പിച്ച മെഷീനിൽ പച്ചക്കരിമ്പും,അതിനുള്ളിൽ ഇഞ്ചിയും നാരങ്ങയും വച്ച് ചതച്ചരച്ച് അതിന്റെ ചാറ് കുപ്പി ഗ്ലാസിൽ പാനീയമായി ഒഴുകിയിറങ്ങുമ്പോൾ കരിമ്പിൻ ജ്യൂസ് റെഡി.
ഗ്ലാസ് ഒന്നിന് 50 രൂപ. പാലക്കാട്,തമിഴ്നാട്,കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും കരിമ്പ് എത്തുന്നത്. ഉത്സവ സീസണായതോടെ ഉത്സവ പറമ്പുകളിലും നിറയെ കരിമ്പാണ്. ഒരു കമ്പ് കരിമ്പിന് 70 രൂപ മുതൽ 100 രൂപ വരെയാണ് വില.ശുദ്ധമായ കരിമ്പ് നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശൈത്യകാലത്ത് ജലാംശം നിലനിറുത്താനുള്ള ഒരു മികച്ച മാർഗമാണ്, പ്രത്യേകിച്ചും തണുത്ത കാലാവസ്ഥയിൽ വെള്ളം കുടിക്കുന്നത് കുറയുന്ന അവസ്ഥയിൽ.
കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും മഞ്ഞപ്പിത്ത ശമനത്തിനുമൊക്കെ കരിമ്പിൻ ജ്യൂസ് ഏറെ നല്ലതാണ്.കരളിന്റെ പ്രർത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാർത്ഥത്തിന്റെ ഉല്പാദനം തടയാനും കരിമ്പിൻ ജ്യൂസ് സഹായിക്കും.