സിഗ്നലിൽ നിറുത്തിയിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു, അപകടം തലസ്ഥാനത്ത്

Thursday 08 January 2026 2:37 PM IST

തിരുവനന്തപുരം: പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനുപിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മരിച്ച രണ്ടുപേരും സുഹൃത്തുക്കളാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണപ്പെട്ടവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നേമം പൊലീസ് അറിയിച്ചു.

അതേസമയം, പത്തനംതിട്ട റാന്നിയിൽ കാറും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന കർണാടക സ്വദേശിയാണ് മരിച്ചത്. രണ്ടുവാഹനങ്ങളിലും അയ്യപ്പഭക്തരായിരുന്നു ഉണ്ടായിരുന്നത്. ദർശനം കഴിഞ്ഞ് മടങ്ങിയ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനിബസിൽ നിയന്ത്രം വിട്ട് ഇടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ബസിലുണ്ടായിരുന്നവർ പറഞ്ഞു. അപകടത്തെ തുടർന്ന് ബസ് പെട്ടെന്ന് നിർത്തിയതോടെ മുൻവശത്തിരുന്നയാളുകൾ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഇന്ന് രാവിലെ പാലക്കാട് വടക്കഞ്ചേരി മംഗലം പാലത്ത് ലോറിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരനാണ് (47) മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം തിരിച്ചുവരുമ്പോൾ വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തിയ ശേഷം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ലോറി ഇടിച്ചത്.