"ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും, ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും"

Thursday 08 January 2026 2:39 PM IST

ഇടത് അനുഭാവിയായിരുന്ന റെജി ലൂക്കോസ് അല്പം മുമ്പാണ് ബിജെപിയിൽ ചേർന്നത്. ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരിച്ചത്. ഇതിനുപിന്നാലെ പരിഹാസവുമായെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. 'ജോയ് മാത്യു എന്ന പ്രാഞ്ചിക്കൊരു സീറ്റ് വേണം' എന്ന തലക്കെട്ടോടെ തന്നെ വിമർശിച്ചുകൊണ്ടുള്ള റെജി മാത്യുവിന്റെ യൂട്യൂബ് വീഡിയോയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്.

അഞ്ച് വർഷത്തോളം കേരളത്തിലെ ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന് ബിജെപി ചേർന്ന റെജി ലൂക്കോസെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും, ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഞാൻ പ്രാഞ്ചിയാണെന്ന് പറഞ്ഞയാൾ ഇപ്പോൾ വഞ്ചിച്ചത്‌ ആരെയാണ്?

ഭരണത്തിൽ ഉള്ള പാർട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാൻ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാർട്ടി പ്രവർത്തനം എന്ന് ആത്മാർത്ഥമായി പലരും കരുതിയിരുന്നു.

അവരിൽ നിന്നും മാതൃക ഉൾക്കൊണ്ട് ഏതാണ്ട് അഞ്ച് വർഷത്തോളം കേരളത്തിലെ ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന് ബിജെപി ചേർന്ന റെജി ലൂക്കോസ്.

ഇയാളും ഇയാളെ പോലെയുള്ളവരും ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്ന് നിസംശയം പറയാം.

ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും.

ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും.