നാട്ടുകാരുടെ മുന്നിൽ 'സ്റ്റാറാവാൻ' വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം, ഒടുവിൽ സംഭവിച്ചത്
ഭുവനേശ്വർ: പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിന് കടിയേറ്റു. ഒഡീഷയിലെ ഭദ്രക് ജില്ലയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മേസ്തിരി ജോലിക്കാരനായ സുബൽ സാഹുവിനാണ് കടിയേറ്റത്. ഭയമില്ലെന്ന് നാട്ടുകാരെ കാണിക്കാൻ പാമ്പിനെ പിടിച്ച് കഴുത്തിൽ ചുറ്റി സുബൽ നടക്കുകയായിരുന്നു. ഇതിനിടെ പാമ്പിനെ ചുംബിക്കാനും ഇയാൾ ശ്രമിച്ചു.
എന്നാൽ, പാമ്പ് സുബലിനെ ആവർത്തിച്ച് കടിച്ചു. പലതവണ കടിയേറ്റിട്ടും അതൊന്നും വകവയ്ക്കാതെ സുബൽ നടത്തം തുടർന്നു. എന്നാൽ മിനിട്ടുകൾക്കുള്ളിൽ സുബലിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ച പാമ്പിനെ പ്ലാസ്റ്റിക് ടിന്നിലാക്കി കൂടെ കൊണ്ടുപോയിരുന്നു. ആദ്യമൊന്നും പാമ്പിന്റെ വർഗം ഏതാണെന്ന് തിരിച്ചറിയാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. പിന്നീട് സ്നേക്ക് ഹെൽപ്പ്ലൈൻ പ്രവർത്തകർ എത്തിയപ്പോഴാണ് 'അൽബിനോ ബാൻഡഡ് ക്രെയ്റ്റ്' എന്ന ഇനത്തിൽപ്പെട്ട ഉഗ്ര വിഷമുള്ള പാമ്പാണിതെന്ന് സ്ഥിരീകരിച്ചത്.
സുബൽ പാമ്പിനെ കഴുത്തിലിട്ട് നടക്കുന്നതിന്റെയും, പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വന്യജീവികളോടുള്ള ഇത്തരം പെരുമാറ്റം വിനോദമല്ല, മറിച്ച് അവയോട് ചെയ്യുന്ന ക്രൂരതയാണെന്നും അതിന്റെ ഫലമാണ് ഇത്തരം അപകടങ്ങളെന്നും നിരവധി പേർ പ്രതികരിച്ചു.