തെരുവുനായ ഭീഷണിയിൽ പശ്ചിമകൊച്ചി
തോപ്പുംപടി: ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, പള്ളുരുത്തി, കുമ്പളങ്ങി, ചെല്ലാനം ഉൾപ്പെടെയുള്ള പശ്ചിമകൊച്ചി മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കുട്ടികൾ മുതൽ മുതിർന്നവർവരെ റോഡിലിറങ്ങാൻ ഭയക്കുന്ന സാഹചര്യമാണുള്ളത്. തോപ്പുംപടി വാക്‌വേയിൽ പ്രഭാത-സായാഹ്ന സവാരിക്കെത്തുന്നവരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു. സന്ധ്യകഴിഞ്ഞാൽ റോഡരുകുകളിൽ പല ഭാഗങ്ങളിലും നായ്ക്കൂട്ടം തമ്പടിക്കുകയാണ്. വാഹനയാത്രക്കാർ പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
കഴിഞ്ഞദിവസം തോപ്പുംപടിയിൽ പ്രഭാത സവാരിക്കെത്തിയ പള്ളുരുത്തി സ്വദേശി അഫ്സൽ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ എത്തുന്ന പാൽ-പത്രവിതരണക്കാരും ഭീഷണിയിലാണ്. പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ മൈതാനത്ത് നായ്ക്കൾ തമ്പടിക്കുന്നത് കുട്ടികളുടെ ഫുട്ബാൾ കളിയേയും ബാധിക്കുന്നു. സ്കൂൾ വിട്ടുവരുന്ന വിദ്യാർത്ഥികളെയും കഴിഞ്ഞദിവസം നായ്ക്കൾ ആക്രമിച്ചിരുന്നു.
സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് മരുന്ന് സ്റ്റോക്കില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ചികിത്സാച്ചെലവ് കൊച്ചിൻ കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും നായശല്യം പരിഹരിക്കാൻ സത്വരനടപടി വേണമെന്നും സാമൂഹ്യ പ്രവർത്തകൻ ഹാരീസ് അബു ആവശ്യപ്പെട്ടു.
കോർപ്പറേഷന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലുള്ള വന്ധ്യംകരണം പാതിവഴിയിലാണ്. നായ്ക്കളുടെ ആക്രമണം ഭയന്ന് മലയാളികൾ ഈ ജോലിക്ക് വരാതായതോടെ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് നിലവിൽ വന്ധ്യംകരണം നടത്തുന്നത്. എന്നാൽ ഇതും കാര്യക്ഷമമല്ലെന്നാണ് ആരോപണം.