വേണുവിനെ രക്ഷിക്കാമായിരുന്നു; ചികിത്സയിൽ ഗുരുതര വീഴ്‌ച സംഭവിച്ചതായി വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട്

Thursday 08 January 2026 3:55 PM IST

തിരുവനന്തപുരം: ചവറ സ്വദേശിയായ വേണു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന് കീഴിലെ വിവിധ ആശുപത്രികൾക്കും ജീവനക്കാർക്കും ഗുരുതരമായ വീഴ്‌ച സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ വേണുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

സിഎച്ച്‌സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെയും ഗുരുതരമായ പിഴവുകൾ സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. അതീവ ഗുരുതരാവസ്ഥിയിലായിരുന്നിട്ടും വേണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടില്ല. തുടർന്ന് മെഡിക്കൽ വാർഡിലേക്ക് മാറ്റിയെങ്കിലും അവിടെയും ചികിത്സ ലഭ്യമാക്കാൻ വൈകിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയപ്പോൾ രോഗിയെ ഉള്ളിലേക്ക് മാറ്റാൻ പോലും അറ്റൻഡർമാരോ മറ്റ് ജീവനക്കാരോ തയ്യാറായില്ല. ജീവനക്കാർ രോഗികളോട് മാന്യമായി പെരുമാറേണ്ടതിന്റെ ആവശ്യകതയും അന്വേഷമസംഘം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

എന്നാൽ, എല്ലാ രോഗികളും തങ്ങൾക്ക് ഒരുപോലെയാണെന്നും വേണ്ട പരിചരണം നൽകിയെന്നുമാണ് നേരത്തേ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് പ്രതികരിച്ചത്. മരിച്ച വേണുവിന് ചികിത്സ നൽകിയതിൽ വീഴ്ച വരുത്തിയിട്ടില്ല. പ്രോട്ടോക്കോൾ അനുസരിച്ചുളള ചികിത്സ മാത്രമാണ് നൽകാറുളളത്. സമയം വൈകിയതുകൊണ്ട് പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ നൽകാൻ സാധിച്ചില്ല. മറ്റ് മരുന്നുകൾ നൽകി. വൈകിട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. ഏറ്റവും മികച്ച ചികിത്സയാണ് വേണുവിന് നൽകിയത്. ഹൃദയാഘാതത്തിന് എന്തുചികിത്സ നൽകിയാലും പത്ത് മുതൽ 20 ശതമാനം വരെ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. അദ്ദേഹം ചെറുപ്പമായിരുന്നു. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നൽകി. രോഗികളോട് അവരുടെ അവസ്ഥയെക്കുറിച്ച് പറയാറുണ്ടെന്നും അന്ന് ഡോക്ടർ പറഞ്ഞു.

എന്നാൽ, ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി വേണുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിലെ ഡോക്‌ടർമാർ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വേണു സുഹൃത്തിനയച്ച ശബ്‌ദസന്ദേശവും വന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.