സഞ്ചാരികൾക്ക് പ്രിയമായി പൈതൃക ടൂറിസം
കൊച്ചി: സാംസ്‌കാരിക പൈതൃകവും കലാരൂപങ്ങളും ആസ്വദിക്കാൻ കേരളത്തിലേക്ക് വിദേശികളടക്കമുള്ള സഞ്ചാരികളെത്തുന്നത് വർദ്ധിച്ചു. വടക്കൻ കേരളത്തിലെ കലാരൂപങ്ങളും ഉത്സവങ്ങളും കൊച്ചി മുസിരിസ് ബിനാലെയുമാണ് പ്രധാന ആകർഷണങ്ങൾ.
കണ്ണൂരിൽ വിമാനമിറങ്ങി കാസർകോട്, കണ്ണൂർ, കോഴിക്കോട് മേഖലകളിൽ കലാരൂപങ്ങളും കളരിയും സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദർശിക്കുന്നവർ വർദ്ധിച്ചതായി ടൂർ, ട്രാവൽ ഏജന്റുമാർ പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ, കോഴിക്കോട്ടെ മലബാർ ഫെസ്റ്റിവൽ തുടങ്ങിയവയ്ക്കുള്ള പാക്കേജുകളും ടൂർ ഓപ്പറേറ്റർമാർ നൽകുന്നുണ്ട്.
ഈ മാസമെത്തുന്ന നൂറിലേറെപ്പേരുടെ സംഘത്തിന് വേണ്ട ക്രമീകരണങ്ങൾ കൊച്ചിയിലെ ട്രാവൽ ഏജൻസി പൂർത്തിയാക്കി. ഒമ്പത് ദിവസത്തെ യാത്രയിൽ തെയ്യം, കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവ ആസ്വദിക്കാൻ സൗകര്യമൊരുക്കും. ഡൽഹിയിൽ നിന്നുള്ള സംഘം സാംസ്‌കാരിക കേന്ദ്രങ്ങളാണ് സന്ദർശിക്കുന്നത്. കൊച്ചി, ആലപ്പുഴ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെത്തുന്ന വിനോദസഞ്ചാരികളും സാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ട്.
ബിനാലെയിലെത്തിയത് 1.6 ലക്ഷം പേർ
ഡിസംബർ 12നാരംഭിച്ച കൊച്ചി ബിനാലെ ആദ്യത്തെ 20 ദിവസം 1.6 ലക്ഷം പേരാണ് സന്ദർശിച്ചത്. ഓസ്ട്രേലിയൻ സിനിമാ, ടി.വി നിർമ്മാതാവും അവാർഡ് ജേതാവുമായ എമിൽ ഷെർമാൻ, സംഗീതജ്ഞനും മോഹനവീണാ വാദകനുമായ പോളി വർഗീസ് എന്നിവരുൾപ്പെടെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും വിമർശകരും കലാസംരംഭകരും സന്ദർശകരായെത്തി.
മുസിരിസിലും സഞ്ചാരികൾ
കൊച്ചിയിലെ മുസിരിസ് പൈതൃകമേഖലയിലും സഞ്ചാരികൾ വർദ്ധിച്ചു. ബിനാലെയുമായി ബന്ധപ്പെട്ടും ധാരാളംപേർ എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. എറണാകുളം, പറവൂർ, ചേന്ദ്രമംഗലം, കൊടുങ്ങല്ലൂർ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന വിവിധ പൈതൃകകേന്ദ്രങ്ങൾ സന്ദർശിക്കാൻ വിദേശികൾ ഉൾപ്പെടെ വരുന്നുണ്ട്.
കലാസാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ, പണ്ഡിതർ, കലാകാരന്മാർ, വിനോദസഞ്ചാരികൾ തുടങ്ങി വൈവിദ്ധ്യമാർന്ന സന്ദർശകർ ബിനാലെയിലെത്തുന്നുണ്ട്.
- തോമസ് വർഗീസ്, സി.ഇ.ഒ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ
സാംസ്‌കാരിക-പൈതൃകകേന്ദ്രങ്ങൾ കാണാനും കലാരൂപങ്ങൾ ആസ്വദിക്കാനും താത്പര്യമുള്ള സഞ്ചാരികൾ വർദ്ധിച്ചിട്ടുണ്ട്.
- മറിയാമ്മ ജോസ്,
സംസ്ഥാന പ്രസിഡന്റ് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ