ആലുവയിൽ മോഷണം വ്യാപകം; പൊലീസ് ആസ്ഥാനത്തിന് സമീപവും കവർച്ച
ആലുവ: റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമായ ആലുവ നഗരത്തിൽ അടഞ്ഞുകിടക്കുന്ന വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് തൊട്ടടുത്ത അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് ഏഴുപവൻ സ്വർണം മോഷണം പോയി. ഈ മേഖലയിൽ ഒരു മാസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടും മോഷണം തടയാനാകുന്നില്ലെന്ന് ഉടമകൾ പറയുന്നു.
സുരക്ഷാ ജീവനക്കാർ എത്താതിരിക്കുകയോ വരാൻ വൈകുകയോ ചെയ്യുന്ന സമയം നോക്കിയാണ് മോഷ്ടാക്കൾ വീടിന്റെ വാതിലും ജനലും തകർത്ത് അകത്തുകയറുന്നത്. സംശയം തോന്നി പൊലീസ് അന്വേഷണം നടത്തി മടങ്ങി മിനിറ്റുകൾക്കുള്ളിൽ ഒരു വീട്ടിൽ മോഷണം നടന്ന സംഭവവുമുണ്ടായി. മോഷണവസ്തുക്കൾക്കൊപ്പം വാതിലുകളും അലമാരകളും തകർക്കുന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉടമകൾക്കുണ്ടാകുന്നത്.
രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നില്ല
നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചുവയ്ക്കുന്ന ഹാർഡ് ഡിസ്ക് അടക്കം മോഷ്ടിക്കുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. നഗരത്തിലെ ഒരു വിദ്യാലയത്തിൽ നിന്ന് ഹാർഡ് ഡിസ്ക് കവർന്ന ശേഷം തൊട്ടടുത്ത ദിവസം വീണ്ടും വന്ന് ഓഫീസ് സാമഗ്രികൾ മോഷ്ടിച്ചു. വീടുകളും സ്ഥാപനങ്ങളും നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് കരുതുന്നു. എന്നാൽ, സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുന്നില്ലെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നില്ലെന്നും ആലുവ പൊലീസ് സ്റ്റേഷനിൽ മതിയായ അംഗബലമില്ലെന്നും ആക്ഷേപമുണ്ട്. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ കൃത്യമായി പരിശോധിക്കുന്നില്ലെന്നും പരാതിയുണ്ട്.