രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും കിട്ടില്ല; സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

Thursday 08 January 2026 6:53 PM IST

തിരുവനന്തപുരം: രണ്ട് ദിവസത്തെ മദ്യ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ ജനുവരി 12ന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജില്ലാ കളക്ടര്‍ അനു കുമാരി സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന ജനുവരി 12നും വോട്ടെണ്ണല്‍ ദിനമായ ജനുവരി 13നുമാണ് പ്രദേശത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിട്ടുള്ളത്.

101 വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ 100 വാര്‍ഡുകളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടന്ന വേളയില്‍ വോട്ടെടുപ്പ് നടന്നിരുന്നു. എന്നാല്‍ വാര്‍ഡിലെ ഒരു സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണെങ്കിലും ഭരണകക്ഷിയായ ബിജെപിയാണ് ഫലത്തെ കൂടുതല്‍ ഉറ്റുനോക്കുന്നത്. ബിജെപിക്ക് 50, സിപിഎം 29, കോണ്‍ഗ്രസ് 19, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് നിലവില്‍ തിരുവനന്തപുരം നഗരസഭയിലെ നിലവിലെ കക്ഷിനില.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സ്വതന്ത്ര കൗണ്‍സിലറായ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം തികച്ചത്. അതുകൊണ്ട് തന്നെ വിഴിഞ്ഞത്തെ തിഞ്ഞെടുപ്പില്‍ വിജയിച്ച് കേവല ഭൂരിപക്ഷം തികയ്ക്കാനും അഞ്ച് വര്‍ഷം മറ്റ് ഭരണപ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാനുമാണ് ബിജെപി ആഗ്രഹിക്കുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡിലെ വിജയം തന്നെയാണ് കോണ്‍ഗ്രസും സിപിഎമ്മും ലക്ഷ്യമിടുന്നത്.