ഫുട്‌ബോൾ കളി മതിയാക്കിയാൽ മെസിക്ക് താത്പര്യം 'മുതലാളിയാകാൻ', ഇതിഹാസ താരത്തിന്റെ പദ്ധതി ഇങ്ങനെ
ബ്യൂനസ് ഐറിസ്: ഫുട്‌ബോളിൽ നിന്നും വിരമിച്ച ശേഷം ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിൽ താല്പര്യമില്ലെന്ന് അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. എന്നാൽ വിരമിക്കലിന് ശേഷം ഒരു ഫുട്‌ബോൾ ക്ലബ്ബ് ഉടമയായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും 38കാരനായ മെസി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
'എന്നെയൊരു പരിശീലകനായി ഞാൻ കാണുന്നില്ല. ഒരു മാനേജർ എന്ന നിലയിൽ പ്രവർത്തിക്കാൻ ഇഷ്ടമാണ്, എന്നാൽ അതിനേക്കാൾ കൂടുതൽ ഒരു ക്ലബ്ബ് ഉടമയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'മെസി പറഞ്ഞു.
ഇന്റർ മിയാമിയുടെ സഹഉടമ ഡേവിഡ് ബെക്കാമിനെ മാതൃകയാക്കി ഒരു ക്ലബ്ബ് സ്വന്തമാക്കാനാണ് താരത്തിന്റെ പ്ലാൻ. 'താഴെത്തട്ടിൽ നിന്ന് ഒരു ക്ലബ്ബിനെ വളർത്തിയെടുക്കണം. കുട്ടികൾക്ക് മികച്ച സൗകര്യങ്ങളും അവസരങ്ങളും നൽകി അവരെ മികച്ച നേട്ടങ്ങളിലേക്ക് നയിക്കണം. തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ ഇതിനായിരിക്കും എന്റെ മുൻഗണന,' മെസി കൂട്ടിച്ചേർത്തു.
നിലവിൽ ഇന്റർ മിയാമിയുമായി 2028 വരെ കരാറുള്ള മെസി, ഉടൻ കളി നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് നൽകുന്നത്. 2026ൽ മിയാമിയുടെ പുതിയ സ്റ്റേഡിയമായ മിയാമി ഫ്രീഡം പാർക്കിൽ കളിക്കാനുള്ള ആവേശത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ അർജന്റീനയ്ക്കായി കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ താരം.