വീട് നിർമ്മാണത്തിൽ ന്യൂനത: കരാറുകാരൻ 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

Friday 09 January 2026 1:00 AM IST
വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച

കൊച്ചി: വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ കരാറുകാരൻ പരാതിക്കാരന് 1.10ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി വിധിച്ചു.

നായത്തോട് സ്വദേശി ഔസേപ്പ് ജോർജ് കരുമാത്തി, കെട്ടിട നിർമ്മാണ കരാറുകാരനായ ഷിജോ യോഹന്നാനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. രണ്ട് വീടുകളുടെ നിർമ്മാണത്തിനായി 2017 നവംബർ 1നാണ് കരാറിൽ ഏർപ്പെട്ടത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 9,30,900 രൂപ പരാതിക്കാരൻ എതിർകക്ഷിക്ക് നൽകിയിരുന്നു. എന്നാൽ, 2018 ആഗസ്റ്റ് മാസം യാതൊരു കാരണവുമില്ലാതെ കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചു. മോശം നിർമ്മാണ രീതികളും ഗുണനിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗവും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിയോഗിച്ച വിദഗ്ദ്ധരുടെ പരിശോധനയിൽ രണ്ട് കെട്ടിടങ്ങളുടെയും നിർമ്മാണം പകുതിപോലും പൂർത്തിയായിട്ടില്ലെന്നും ഭിത്തി, വാതിൽ, ജനാല എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി. കൂടാതെ, നിർമ്മാണത്തിനായി എത്തിച്ച 56 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ച നിലയിലുമായിരുന്നു. വൻതുക കൈപ്പറ്റിയ ശേഷം നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് സേവനത്തിലെ വലിയ വീഴ്ചയാണെന്നും, 99 ശതമാനം പണിയും പൂർത്തിയായി എന്ന കരാറുകാരന്റെ വാദം തെറ്റാണെന്നും കമ്മീഷൻ റിപ്പോർട്ടിലൂടെ വ്യക്തമായതായി ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ നിരീക്ഷിച്ചു. പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 1,00,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനുള്ളിൽ നൽകാൻ എതിർകക്ഷിക്ക് ഉത്തരവ് നൽകി.