കൊഴിഞ്ഞാമ്പാറ ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കാട് കേറി നശിക്കുന്നു
ചിറ്റൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ നല്ലേപ്പിള്ളി പഞ്ചായത്തിലെ നാട്ടുകല്ലിൽ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള കൊഴിഞ്ഞാമ്പാറ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കെട്ടിടം കാടുകേറി നശിക്കുന്നു. പാഴ്‌ചെടികളും പുല്ലുകളും വളർന്ന ഹോസ്റ്റൽ വളപ്പ് വിഷ ജന്തുക്കളുടേയും വന്യമൃഗങ്ങളുടേയും ആവാസ കേന്ദ്രമായി മാറി. രാത്രികാലങ്ങളിൽ ഹോസ്റ്റലും പരിസരങ്ങളും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയെന്ന പരാതികളും വ്യാപകമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ചു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടം 2020ൽ അന്നത്തെ വകുപ്പു മന്ത്രി എ.കെ.ബാലന്റെ അദ്ധ്യക്ഷതയിൽ, സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന് പ്രവർത്തനം തുടങ്ങിയെങ്കിലും അധികനാൾ കഴിയും മുമ്പേ ഹോസ്റ്റൽ അടച്ചു. അഞ്ചു വർഷമായിട്ടും ശാപമോക്ഷം ലഭിച്ചിട്ടില്ല. അട്ടപ്പാടി, പറമ്പിക്കുളം തുടങ്ങിയ ആദിവാസി മേഖലകളിൽ നിന്നുൾപ്പെടെയുള്ള എസ്.സി/എസ്.ടി വിഭാഗം വിദ്യാർത്ഥിനികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ലക്ഷ്യം വച്ചാണ് കോടികൾ ചിലവഴിച്ച് ഹോസ്റ്റൽ കെട്ടിടം നിർമ്മിച്ചത്. പെൺകുട്ടികൾക്ക് താമസ സൗകര്യങ്ങൾക്കു പുറമെ നല്ല രീതിയിലുള്ള മെസ്, മികച്ച സ്റ്റോർ റൂം, ശുചിമുറികൾ, ആധുനിക പഠന സംവിധാനങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത്രയേറെ സൗകര്യപ്രദമായ കെട്ടിടം നാശോന്മുഖമാകുന്നതിലും സാമൂഹ്യ വിരുദ്ധതാവളമായി മാറുന്നതിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.