കൊയിലാണ്ടിയുടെ സമഗ്ര വികസനത്തിന് ഊന്നൽ

Friday 09 January 2026 12:05 AM IST
യു.കെ ചന്ദ്രൻ

കൊയിലാണ്ടി: മുനിസിപ്പാലിറ്റിയായശേഷം ഏഴാം തവണയാണ് എൽ.ഡി.എഫ് കൊയിലാണ്ടിയിൽ അധികാരത്തിലെത്തുന്നത്. മുൻകാല കൗൺസിലുകൾ നടപ്പിലാക്കിയ വികസന പദ്ധതികളുടെ തുടർച്ചയ്‌ക്കൊപ്പം കൊയിലാണ്ടിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പുതിയ ചെയർപേഴ്‌സൺ യു.കെ ചന്ദ്രൻ. നഗരജീവിതത്തെ ആഴത്തിൽ അറിയുന്ന യു.കെ ചന്ദ്രൻ തന്റെ വികസന കാഴ്ചപ്പാടുകൾ കേരള കൗമുദിയുമായി സംസാരിക്കുന്നു.

@ വികസനത്തെകുറിച്ച് കാഴ്ചപ്പാട് ..? 2050 വരെയുള്ള പദ്ധതികളായിരിക്കും മുന്നോട്ട് വെക്കുക. നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള ആശ്വാസവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. വിദഗ്ദ്ധരെ വെച്ച് സെമിനാർ നടത്തി അതിൽ നിന്ന് രൂപീകരിക്കുന്ന ആശയങ്ങൾ പ്രയോഗത്തിൽ വരുത്തും.

@ മുന്നോട്ട് വയ്ക്കുന്ന പദ്ധതികൾ...? മാലിന്യ നിർമ്മാർജ്ജനത്തിനും നഗര ശുചീകരണത്തിനും മുന്തിയ പരിഗണന നല്കും. മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കും. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ ആരോഗ്യ മേഖലയിൽ മുഴുവൻ സൗകര്യങ്ങളും ഉറപ്പ് വരുത്തും.

@ കുടിവെള്ള പദ്ധതി എന്ന് യാഥാർത്ഥ്യമാകും ? നഗരസഭയുടെ സ്വപ്ന പദ്ധതിയായ സമഗ കുടിവെള്ള പദ്ധതി ഉടൻ പ്രാവർത്തികമാക്കും. തുടക്കത്തിൽ പതിനായിരം പേർക്ക് കുടിവെള്ളം നല്കും . വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തിക്കഴിഞ്ഞു. ബൂസ്റ്റർ സംവിധാനം വേണ്ട ഇടങ്ങളിൽ അതിനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

@ വ്യാപാര-വാണിജ്യ മേഖലയുടെ വികസനം... ? വ്യാപാര സംഘടനകൾ അവർ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വിവിധ വ്യാപാര സംഘടനകളുമായി ബന്ധപ്പെട്ട് ആഘോഷകാലങ്ങളിൽ വ്യാപാരോത്സവം പോലെയുള്ള പരിപാടികൾക്ക് പിന്തുണ കൊടുക്കും.

@ ഷോപ്പിംഗ് കോപ്ലക്‌സ് ഉടൻ പ്രവർത്തനക്ഷമമാകുമോ..? ഷോപ്പിംഗ് കോപ്ലക്‌സ് മുനിസിപ്പാലിറ്റിയുടെ സ്വപ്ന പദ്ധതിയായിരുന്നു. ഉടൻ തന്നെ പൂർണതോതിൽ പ്രവർത്തനം തുടങ്ങും. മുനിസിപ്പാലിറ്റിയ്ക്ക് വലിയ തോതിൽ വരുമാനം ലഭിക്കും. ഇതിലൂടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂടും.