കൂറ്റന്‍ യന്ത്രങ്ങള്‍ എത്തിച്ചു; കേരളത്തിന്റെ സ്വപ്‌ന പദ്ധതിയുടെ നിര്‍മാണം അടുത്ത മാസം മുതല്‍

Thursday 08 January 2026 10:07 PM IST

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാത നിര്‍മാണത്തിന്റെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞു. വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം പൂര്‍ത്തിയാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

രണ്ട് ഡ്രില്ലിംഗ് റിഗ്ഗുകളാണ് നിലവില്‍ പദ്ധതി പ്രദേശത്ത് എത്തിച്ചിരിക്കുന്നത്. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറ തുരക്കാന്‍ കഴിയു. നിലവില്‍ 12 മണിക്കൂര്‍ വീതമാണ് ജോലികള്‍ നടക്കുന്നത്. എന്നാല്‍ തുരങ്ക നിര്‍മാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

പാറ പൊട്ടിക്കുന്നതിനുള്ള ക്രഷര്‍ യൂണിറ്റ്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഷെല്‍റ്ററുകള്‍ എന്നിവ അധികം വൈകാതെ സജ്ജമാകും. ലേബര്‍ ക്യാംപ്, ഓഫിസ് കാബിന്‍, വര്‍ക്ക് ഷോപ്പ്, ക്രഷര്‍ യൂണിറ്റ് എന്നിവയുടെ നിര്‍മാണം ഉടനെ പൂര്‍ത്തിയാകും.

മറിപ്പുഴയ്ക്കു കുറുകെ താല്‍ക്കാലിക നാല് വരി ആര്‍ച്ച് സ്റ്റീല്‍ പാലത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. 2020ല്‍ സംസ്ഥാന സര്‍്ക്കാരിന്റെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 2025ല്‍ ആണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നടത്തിപ്പ് നിര്‍വഹണ ഏജന്‍സി.