ഒരു പിടി ഉപ്പ് മതി, മന്നത്തെ ദേവനെ പ്രസാദിപ്പിക്കാൻ!

Friday 09 January 2026 12:19 AM IST

കൊച്ചി: കൗണ്ടറിൽ പണം അടച്ച് ശീട്ടാക്കേണ്ട,​ വിലപിടിപ്പുള്ള ദ്രവ്യങ്ങളും വേണ്ട. ഒരുപിടി കല്ലുപ്പ് നിവേദിച്ച് പ്രാർത്ഥിച്ചാൽ പ്രസാദിക്കുന്നൊരു ദേവൻ ഇവിടെയുണ്ട്. വടക്കൻ പറവൂരിലെ മന്നം ശ്രീസുബ്രഹ്മണ്യ സ്വാമി. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കല്ലുപ്പ്. അരിമ്പാറ, ശമിക്കാത്ത വടുക്കൾ, മറ്റ് ത്വക്ക് രോഗങ്ങൾ എന്നിവയുള്ളവർ ഉപ്പ് നിവേദിച്ച് പ്രാർത്ഥിച്ചാൽ രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കല്ലുപ്പ് പ്രധാന നിവേദ്യമായിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം.

തൈപ്പൂയവും മഹാസ്കന്ദ ഷഷ്ഠിയുമാണ് പ്രധാന വിശേഷദിവസങ്ങൾ. ഉത്സവവേളയിൽ ക്ഷേത്രമണ്ഡപത്തിൽ ലോഡ് കണക്കിന് ഉപ്പ് നിറയും. നാരദമഹർഷി മഹാദേവന് സമ്മാനിച്ച പഴം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പാർവതീ പരമേശ്വരന്മാരോട് കലഹിച്ച് കൈലാസത്തിൽ നിന്ന് പലായനം ചെയ്ത ബാലമുരുകൻ മന്നം ദേശത്ത് കുടിയിരുന്നുവെന്നാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം.

ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഒറ്റ ശ്രീകോവിലിൽ അനഭിമുഖമായി ശിവനെയും പാർവതിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള പെരുവാരം മഹാദേവ ക്ഷേത്രവുമുണ്ട്. മന്നത്ത് മകരമാസത്തിലെ തൈപ്പൂയവും പെരുവാരത്ത് മേടത്തിലെ തിരുവാതിരയുമാണ് പ്രധാന ഉത്സവം.

മഹാദേവ ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവദിവസം (വലിയവിളക്ക്) വാദ്യമേളങ്ങളുടെയും തെയ്യം, കാവടി, താലപ്പൊലി എന്നിവയുടെയും അകമ്പടിയോടെ ബാലമുരുകൻ ആഘോഷപൂർവം പിതാവിനെ ദർശിക്കാനെത്തും. പെരുവാരം ക്ഷേത്രത്തിൽ ആ വർഷം നടന്ന എല്ലാ ഉത്സവ ചടങ്ങുകളും അന്ന് ഒരിക്കൽകൂടി ആവർത്തിക്കും. പിറ്റേന്ന് മകന്റെ അടുത്തേക്ക് എഴുന്നള്ളുന്ന മഹാദേവൻ സുബ്രഹ്മണ്യനൊപ്പം മന്നം ക്ഷേത്രക്കുളത്തിൽ ആറാടി മടങ്ങുന്നതോടെ ഉത്സവം കൊടിയിറങ്ങും. പിന്നീട് അടുത്ത ഉത്സവംവരെ അച്ഛനും മകനും തമ്മിൽ അകൽച്ചയിലായിരിക്കുമെന്നാണ് വിശ്വാസം.

ദൂരെ ദേശത്തു

നിന്നും ഭക്തർ

ഉപ്പ് വഴിപാടിന് പണമൊന്നും നൽകേണ്ടതില്ല. രാവിലെ 5 മുതൽ 11വരെയും വൈകിട്ട് 5 മുതൽ 7.30 വരെയും ക്ഷേത്രത്തിലെത്തി വഴിപാട് നടത്താം. ശ്രീകോവിലിനു മുന്നിലുള്ള മണ്ഡപത്തിലാണ് ഉപ്പ് സമർപ്പിക്കേണ്ടത്. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ദിവസവും നിരവധി ഭക്തർ ഉപ്പുനിവേദിക്കാൻ എത്താറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.