ഓട്ടോഡ്രൈവർ ചികിത്സ കിട്ടാതെ മരിച്ച സംഭവം: മെഡി. കോളേജ് ആശുപത്രിയെ വെള്ളപൂശി അന്വേഷണ റിപ്പോർട്ട്
കൊല്ലം: ചവറ പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ആശുപത്രിയെ വെള്ളപൂശി അന്വേഷണ റിപ്പോർട്ട്. വേണു ആദ്യം ചികിത്സ തേടിയ ചവറ പി.എച്ച്.സിയെയും ജില്ലാ ആശുപത്രിയെയും കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ടാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിയോഗിച്ച സംഘം സമർപ്പിച്ചത്.
അടിയന്തര ഇടപെടലും ചികിത്സയും ലഭ്യമാക്കുന്നതിൽ ചവറ പി.എച്ച്.സിക്കും കൊല്ലം ജില്ലാ ആശുപത്രിക്കും വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നാലു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരുന്ന മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിനെതിരെ കാര്യമായ പരാമർശമില്ല. സംഭവം അന്വേഷിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിലെ മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിലും വേണുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിക്ക് ശുപാർശയില്ല.
വേണുവിനെ ആദ്യമെത്തിച്ച ചവറ പി.എച്ച്.സിയിൽ എടുത്ത ഇ.സി.ജി വ്യക്തതയില്ലാത്തതായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദയാഘാതം സ്ഥിരീകരിച്ചു. അവിടെ അടിയന്തര ത്രോംബോലിസ് നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. പക്ഷെ വിദഗ്ദ്ധരില്ലെന്ന് പറഞ്ഞ് നിഷേധിച്ചു. ഒ.പി ടിക്കറ്റിലും റഫറൽ സ്ലിപ്പിലും വ്യക്തമായി വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. മെഡിക്കൽ കോളേജ് എമർജൻസി വിഭാഗത്തിലെത്തിച്ച വേണുവിനെ പരിശോധിച്ച ശേഷം ചികിത്സാപദ്ധതി വിശദീകരിച്ചെങ്കിലും ബന്ധുക്കൾ അവകാശപ്പെടുന്നതു പോലെ അടിയന്തര ആൻജിയോപ്ലാസ്റ്റി നിർദ്ദേശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വേണുവിന്റെ രോഗത്തിന്റെ തീവ്രത മനസിലാക്കി പ്രത്യേക പരിഗണന നൽകിയില്ല, ചികിത്സാ വിവരങ്ങൾ കൃത്യമായി ആശയവിനിമയം നടത്തിയില്ല, വേണുവിനോടും കൂട്ടിരിപ്പുകാരോടും ആശുപത്രി ജീവനക്കാർ സഹകരിച്ചില്ല എന്നീ കണ്ടെത്തലുകൾ മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയുള്ളത്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നിയമപോരാട്ടം ആരംഭിക്കും.
സിന്ധു,
വേണുവിന്റെ ഭാര്യ