മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് ജനുവരി സമ്മാനമാകും

Friday 09 January 2026 12:27 AM IST
മാ​നാ​ഞ്ചി​റ​-​ ​വെ​ള്ളി​മാ​ടു​കു​ന്ന് ​റോ​ഡ് ​ന​വീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പൈ​പ്പു​ക​ൾ​ ​മാ​റ്റി​ ​സ്ഥാ​പി​ക്കു​ന്നു

@ടാറിംഗ് അടുത്താഴ്ച തുടങ്ങും

കോഴിക്കോട്: നഗര റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നിർമ്മാണം ജനുവരിയിൽ പൂർത്തീകരിക്കാൻ തീവ്രശ്രമം. നേരത്തെ ജനുവരി ഒന്നിന് റോഡ് തുറന്നുകൊടുക്കുമെന്നായിരുന്നു പൊതുമരാമത്തിന്റെ അവകാശവാദം. എന്നാൽ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതിനാൽ വയനാട് റോഡിലും മാവൂർ റോഡ് മുതൽ കമ്മിഷണർ ഓഫീസ് വരെയുള്ള ഭാഗങ്ങളിലും വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു. നിർമ്മാണ പ്രവൃത്തിയ്ക്ക് വേഗം കൂടിയതോടെ അടുത്താഴ്ച തന്നെ ടാറിംഗ് തുടങ്ങാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ടാറിംഗ് നടക്കുന്നത് നിലവിലുള്ള റോഡിനെ ബാധിക്കില്ല. ജംഗ്ഷനുകളിൽ പണി അവസാനഘട്ടത്തിലാവും നടക്കുക. കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റിയ സ്ഥലങ്ങളിലൊഴികെ എല്ലാ സ്ഥലത്തും ടാറിംഗ് ഉടൻ തുടങ്ങും.

@ഗതാഗതക്കുരുക്കൊഴിയും

റോഡ് യാഥാർത്ഥ്യമാവുന്നതോടെ വയനാട് റോഡിൽ ഇരുഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാവും. നിലവിൽ ഈസ്റ്റ് നടക്കാവ് മുതൽ മാനാഞ്ചിറ വരെ വൺവേയാണ്. ഇത് ടുവെയാകുമ്പോൾ കണ്ണൂർ റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരമാവും. വയനാട്, ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെസ്റ്റ് നടക്കാവ് വരെ കണ്ണൂർ റോഡിലൂടെയാണ് പോകുന്നത്. ഈ വാഹനങ്ങളും പുതിയ മാനാ‌ഞ്ചിറ- വെള്ളിമാടുകുന്ന് റോഡിലൂടെ പോവും. കണ്ണൂർ, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മാത്രം കണ്ണൂർ റോഡിലൂടെ പോവുന്ന സ്ഥിതിവരും.

.മാനാഞ്ചിറവെള്ളിമാടുകുന്ന് റോഡ് ദൂരം- 8.34 കിലോമീറ്റർ

.പ്രവൃത്തി നടന്നുവരുന്നത് മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ- 5.32 കിലോമീറ്റർ.

.റോഡ് നവീകരിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്- 482 കോടി രൂപ.

.സ്ഥലമേറ്റെടുക്കലിന് മാത്രമായി -344.5 കോടി രൂപ.

.റോഡ് നിർമ്മാണത്തിന് -137.44 കോടി രൂപ

@ റോഡിന്റെ സവിശേഷതകൾ

.കോൺക്രീറ്റ് ഓവുചാൽ, ഡക്റ്റ്, രണ്ട് മീറ്റർ വീതിയിൽ നടപ്പാത

.22 ക്രോസ് ഡക്റ്റുകൾ

.മദ്ധ്യത്തിൽ രണ്ട് മീറ്റർ വീതിയിൽ പൂന്തോട്ടം, തെരുവ് വിളക്കുകൾ .21 ബസ് വെയ്റ്റിംഗ് ഷെൽട്ടറുകൾ, ഏഴ് ബസ് ബേ

.സിവിൽ സ്റ്റേഷന് മുന്നിൽ നടപ്പാലം

.ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ

.പൈപ്പ്, കേബിൾ എന്നിവ സ്ഥാപിക്കാൻ റോഡ് കീറിമുറിക്കേണ്ടതില്ല.

.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും

.എരഞ്ഞിപ്പാലത്ത് മേൽപ്പാലം

'കോഴിക്കോടിന്റെ വികസന പദ്ധതികളിൽ ഏറ്റവും സുപ്രധാനമായ ചുവടുവയ്പ്പായി മാനാഞ്ചിറവെള്ളിമാടുകുന്ന് റോഡ് നവീകരണം മാറും. ജനുവരിയിൽ തന്നെ റോഡ് തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ"- മന്ത്രി പി.എ മുഹമ്മദ് റിയാസ്‌