പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
Friday 09 January 2026 1:32 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് പരിഷ്‌കരിച്ച ലോഗോ അവതരിപ്പിച്ചു. മുംബയിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ വിദ്യാ ബാലനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. നൂതനവും ആധുനികവുമായ ബാങ്കിംഗ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും ബിസിനസ് വളർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ലോഗോ പരിഷ്‌കരിച്ചെതെന്ന് ബാങ്ക് വ്യക്തമാക്കി. ആധികാരികത, അഭിവൃദ്ധി, കൂട്ടായ്മ എന്നിവ പ്രതിഫലിക്കുന്ന താരത്തിലാണ് 'ഫോർച്യൂണ വേവ്' എന്ന പേരിലുള്ള പുതിയ ലോഗോ രൂപകല്പന ചെയ്തിട്ടുള്ളത്. ഫെഡറൽ ബാങ്കിന് കൂടുതൽ ആധുനികവും ഊർജ്ജസ്വലവുമായ ഒരു മുഖം നൽകാനാണ് ലോഗോ പരിഷ്‌കരണത്തിലൂടെ ശ്രമിക്കുന്നതെന്ന് പ്രകാശന ചടങ്ങിൽ ഫെഡറൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ അഭിപ്രായപ്പെട്ടു.