കേരളത്തിലെ 351 വിദ്യാർത്ഥികൾക്ക് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ്
Friday 09 January 2026 1:34 AM IST
കൊച്ചി: റിലയൻസ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിയുടെ 93-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളർഷിപ്പുകൾക്ക് കേരളത്തിൽ നിന്നുള്ള 351 വിദ്യാർത്ഥികൾ അർഹരായി. കഴിഞ്ഞ വർഷം 226 കുട്ടികളാണ് കേരളത്തിൽ നിന്ന് അർഹരായത്. മൊത്തം 5,100 വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. 2022ൽ, ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി, 10 വർഷത്തിനുള്ളിൽ 50,000 സ്‌കോളർഷിപ്പുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 33,471 സ്‌കോളർഷിപ്പുകൾ ഇതിനകം നൽകിക്കഴിഞ്ഞു. സ്‌കോളർഷിപ്പ് ലഭിച്ചവരിൽ 83 ശതമാനം പേർ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെയും ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും.