ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറി

Friday 09 January 2026 12:35 AM IST

 സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി. മലയിൻകീഴ് സ്വദേശി ജിജിൻ ജോസാണ് ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറിയെന്ന പരാതിയുമായി രംഗത്തെത്തിയത്. രക്തയോട്ടം കൂട്ടാൻ ഇടുപ്പ് എല്ലിലായിരുന്നു ശസ്ത്രക്രിയ. ജിജിന്റെ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തു.

നവംബർ 17 നായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കുശേഷം എല്ലിന്റെ ഭാഗത്തെ വേദന മാറാതായതോടെയാണ് ജിജിൻ വീണ്ടും ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയയ്ക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയെന്ന് കണ്ടെത്തി. ലോഹ കഷണം നീക്കാനാകില്ലെന്നും അത് എല്ലിന്റെ ഭാഗമായി കഴിഞ്ഞെന്നും ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജിജിൻ പരാതി നൽകിയത്. ലോഹ കഷണം ഇരിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടാകില്ലെന്ന് രോഗിയെ അറിയിച്ചതായി ആശുപത്രി അധികൃതർ വിശദീകരിച്ചു.