പിടിച്ചിട്ട കപ്പലിനായി 1227 കോടി കെട്ടി വച്ച് എം.എസ്.സി കമ്പനി
കൊച്ചി: കേരള തീരത്ത് 'എൽസ 3" കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസിൽ, കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)1227.62 കോടി രൂപ സെക്യൂരിറ്റി തുകയായി കെട്ടിവച്ചു. ഇതിനെത്തുടർന്ന്, വിഴിഞ്ഞം തുറമുഖത്ത് തടഞ്ഞുവച്ചിരുന്ന എം.എസ്.സിയുടെ 'അകിറ്റേറ്റ 2" എന്ന കപ്പലിനെ വിട്ടയച്ചു.
എൽസ -3 അപകടം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സർക്കാർ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തത്. കമ്പനി കെട്ടിവയ്‌ക്കേണ്ട തുക ഹൈക്കോടതി 1227.62 കോടിയായി നിശ്ചയിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക അന്തിമമായി നിശ്ചയിക്കാൻ വിചാരണ തുടരും. ഇതിന് സമയമെടുക്കുമെന്നതിനാലാണ് സെക്യൂരിറ്റി തുക കെട്ടിവയ്‌ക്കാൻ കോടതി നിർദ്ദേശിച്ചത്.
ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ മേയ് 25നാണ് കേരള തീരത്തുനിന്ന് 14 നോട്ടിക്കൽ മൈൽ അകലെ എൽസ- 3 മുങ്ങിയത്.