വാഹനാപകടത്തിൽ തീർത്ഥാടകൻ മരിച്ചു , എട്ടുപേർക്ക് പരിക്കേറ്റു
റാന്നി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും മിനിബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.എട്ട് പേർക്ക് പരിക്കേറ്റു.ആന്ധ്രാപ്രദേശ് ഓങ്കോൾ ജില്ലയിൽ ബാൽക്കട്ടിബാൽ സ്വദേശി വിനോദ്(22) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരായ നരസിംഹ(29),കോട്ടിറെഢി (27),ശിവ (18), മിനി ബസ് യാത്രക്കാരായ തമിഴ്നാട് ത്രിച്ചി സ്വദേശികളായ ശരവണവേൽ (55),മുരളി(41),ഇസക്കിയപ്പൻ(38), അധീരതൻ (11), പുണ്യമൂർത്തി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയോടെ യായിരുന്നു അപകടം.കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. യാത്രക്കാരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വിനോദ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.