ജൈവബാഗിൽ ജയമ്മയുടെ വിജയഗാഥ
ഇരിങ്ങൽ: സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേളയിലെത്തിയാൽ ആലപ്പുഴ സ്വദേശി ജയമ്മയുടെ 70ാം നമ്പർ സ്റ്റാളിൽ കയറാതെ പോകരുത്. പ്രകൃതി ദത്ത ഉത്പന്നങ്ങളിൽ തയ്യാറാക്കിയ ബാഗുകളുടെ വലിയ ശേഖരം തന്നെയുണ്ട് ഇവിടെ. ജ്യൂട്ടിലും ക്ലോത്തിലുമുള്ള ബാഗുകളാണ് സ്റ്റാളിലെ മാസ്റ്റർപീസ്. കലവൂർ ആര്യാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നുമാണ് ബാഗ് നിർമ്മാണം പഠിച്ചത്. ഇപ്പോൾ അവിടെ പരിശീലകയായി തുടരുന്നു. കൂടാതെ ഒരു ബാഗ് നിർമ്മാണ യൂണിറ്റും ഒരു ഷോപ്പും നടത്തുന്നു. വ്യവസായ വകുപ്പും കുടുംബശ്രീയും നൽകുന്ന പിന്തുണയാണ് ജയമ്മയുടെ ഊർജ്ജം. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിശീലനം സന്ദർശിച്ച നബാഡ് ജനറൽ മാനേജറുടെ പ്രോത്സാഹനമാണ് ജയമ്മയെ സർഗാലയയിൽ എത്തിച്ചത്. മൂന്നു വർഷമായി സർഗാലയുടെ ഭാഗമായി തുടരുന്നു. എല്ലാത്തിനും പിന്തുണയുമായി അച്ഛൻ ടി.കെ പുരുഷനും ഭർത്താവ് ശശികുമാറും കൂടെയുണ്ടെന്ന് ജയമ്മ പറഞ്ഞു. മക്കൾ: ശ്രീശേഷ്, ശ്രീതു, മേഘ, ശ്രീമോൻ. കഴിഞ്ഞ മൂന്നു വർഷവും ഏറ്റവും നല്ല സംരംഭകയ്ക്കുള്ള പുരസ്കാരം ജയമ്മയ്ക്കായിരുന്നു.
വിനോദ് സവിധം എടച്ചേരി