ജില്ലാ കോടതിയിൽ നുണബോംബ് പൊട്ടി !

Thursday 08 January 2026 11:14 PM IST

പത്തനംതിട്ട : ബോംബ് പൊട്ടിത്തെറിക്കും. ചാവേറുകളെത്തും.... ഇന്നലെ ജില്ലാ കോടതിയിലായിരുന്നു ഇ മെയിലിൽ ബോംബ് ഭീഷണിയെത്തിയത്. വിവരമറിഞ്ഞതോടെ ജീവനക്കാർ പരിഭ്രാന്തരായി. ഏറെ നേരം നീണ്ട പരിശോധനയ്ക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ എന്ന സംഘടനയുടെ പേരിലാണ് കോടതിയുടെ ഒൗദ്യോഗിക മെയിലിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ രാവിലെ 10.30ന് മെയിൽ തുറന്ന ഓഫീസ് ക്ലർക്കാണ് സന്ദേശം ആദ്യം കണ്ടത്. ശിരസ്തദാറിനേയും കോർട്ട് മാനേജരെയും വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കോടതി നടപടികൾ നിറുത്തിവച്ച് ജീവനക്കാരെ പുറത്തിറക്കിയതിന് ശേഷമാണ് സ്ക്വാഡുകൾ പരിശോധന നടത്തിയത്. പ്രശ്നമില്ലെന്നറിഞ്ഞതോടെ ഉച്ചയ്ക്ക് രണ്ടിനാണ് കോടതി പ്രവർത്തനം വീണ്ടും തുടങ്ങിയത്.

ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന മാതൃകയിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. കോടതിക്ക് സമീപം മൂന്ന് ആർ.ഡി.എക്സ് റിമോട്ട് കൺട്രോൺ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ പൊട്ടിത്തെറിച്ചില്ലെങ്കിൽ രണ്ട് ചാവേറുകൾ ആർ.ഡി.എക്സ് ബോംബുമായി കോടതിക്കുള്ളിലേക്ക് വന്ന് പൊട്ടിത്തെറിക്കുമെന്നുമുണ്ട്. ഉച്ചയ്ക്ക് 1.15നും 1.30നും ഇടയ്ക്ക് പൊട്ടിത്തെറി നടക്കുമെന്നായിരുന്നു ഭീഷണി. ഈ സമയം ജഡ്ജിമാർ കോടതിയിൽ നിന്ന് മാറണമെന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. Vikram Raj guru @outlook .com എന്ന മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. വ്യക്തമല്ലാത്ത തർജമ പോലുള്ള മലയാള ഭാഷയിലാണ് സന്ദേശം .