സ്വർണക്കൊള്ള ശബരിമലയുടെ സത്പേരിനെ ബാധിച്ചു: കോടതി

Friday 09 January 2026 12:20 AM IST

എ. പത്മകുമാറിനെതിരായ കുറ്റങ്ങൾ ഭയാനകം

തിരുവനന്തപുരം: അയ്യപ്പന്റെ ശ്രീകോവിലിലെ സ്വർണം കൊള്ളയടിച്ചത് ശബരിമല ക്ഷേത്രത്തിന്റെ സൽപ്പേരിനെ ബാധിച്ചെന്ന് കൊല്ലം വിജിലൻസ് കോടതി ചൂണ്ടിക്കാട്ടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്.

ലോകമെങ്ങുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തിലാണ് മുറിവേറ്റത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെതിരായ ആരോപണങ്ങൾ അതീവഗുരുതരവും ഞെട്ടിപ്പിക്കുന്നതുമാണ്. മനസു മരവിപ്പിക്കുന്ന ആരോപണങ്ങളാണ് കേസിനെ സംബന്ധിച്ചുള്ളത്. അയ്യപ്പന്റെ തിരുവാഭരണം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥനായ ദേവസ്വം ബോർഡിലെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനാണ് പ്രതിയായത്. കൊള്ളയടിക്കപ്പെട്ടത് ശബരിമല അയ്യപ്പ സ്വാമിയുടെ തിരുവാഭരണ സ്വർണമാണ്. വേലി തന്നെ വിളവു തിന്നുന്ന സ്ഥിതിയാണുണ്ടായത്.

സ്വർണപ്പാളി ചെമ്പാക്കിയതും പുറമെയുള്ള ഏജൻസിക്ക് സ്വർണം പ്ലേറ്റ് ചെയ്യാൻ കൈമാറിയതും ദേവസ്വം മാന്വലിന്റെ നഗ്നമായ ലംഘനമാണ്. ഇത് ഭയാനകമായ കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പത്മകുമാറിന്റെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിയിക്കുന്നതാണ്. എസ്.ഐ.ടിയുടെ അന്വേഷണം വളരെ നിർണായക ഘട്ടത്തിലാണ്. എം.എൽ.എയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പത്മകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്. വളരെ സ്വാധീനശക്തിയുള്ള വ്യക്തിയാണ്. ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണത്തെ തകിടം മറിക്കാനുമിടയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. കുറ്റകൃത്യത്തിന്റെ സ്വഭാവവും തീവ്രതയും പരിഗണിക്കുമ്പോൾ ജാമ്യത്തിനായി പത്മകുമാർ ചൂണ്ടിക്കാട്ടിയ പ്രായാധിക്യവും രോഗങ്ങളും രക്ഷയാവില്ല. രോഗാവസ്ഥ തെളിയിക്കാനുള്ള മെഡിക്കൽ രേഖകൾ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.